ഉപഭോക്താക്കൾക്ക് വിആർ ഗെയിമിംഗ് അനുഭവം സാധ്യമാക്കാൻ പുതിയ സംവിധാനത്തിന് തുടക്കമിട്ട് ആഗോള ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റും, മെറ്റയും. എക്സ് ബോക്സ് ക്ലൗഡ് ഗെയിമിംഗ് ആപ്പിന്റെ ബീറ്റാ വേർഷൻ മെറ്റയുടെ ക്വസ്റ്റ് വിആർ ഹെഡ്സെറ്റിലും ലഭ്യമാക്കിയാണ് പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇതോടെ, എക്സ് ബോക്സിലെ ജനപ്രിയ ഗെയിമുകളായ സ്റ്റാർ ഫീൽഡ്, ഫോർസ മോട്ടോർസ്പോർട്ട്, ഫാൾഔട്ട് 4 എന്നിവ വിആർ ഹെഡ്സെറ്റിൽ ഉപഭോക്താക്കൾക്ക് ആസ്വദിക്കാവുന്നതാണ്. എക്സ് ബോക്സ് ഗെയിം പാസ് അൾട്ടിമേറ്റ് സബ്സ്ക്രിപ്ഷൻ ഉള്ള ഉപഭോക്താക്കളാണ് ഈ ഗെയിമുകൾ കളിക്കാൻ സാധിക്കുക. 549 രൂപയാണ് പ്രീമിയം സബ്സ്ക്രിപ്ഷനായി ചെലവഴിക്കേണ്ടത്.
ക്വസ്റ്റ് 2, ക്വസ്റ്റ് 3, ക്വസ്റ്റ് പ്രോ എന്നീ ഹെഡ്സെറ്റുകളിൽ എക്സ് ബോക്സ് ക്ലൗഡ് ബീറ്റ ആപ്പ് പ്രവർത്തിക്കുന്നതാണ്. മെറ്റാ ക്വസ്റ്റ് സ്റ്റോറിൽ നിന്ന് എക്സ് ബോക്സ് ക്ലൗഡ് ഗെയിമിംഗ് ആപ്പ് ഹെഡ്സെറ്റിൽ ഇൻസ്റ്റാൾ ചെയ്തതിനുശേഷം ലോഗിൻ ചെയ്യാവുന്നതാണ്. അതിന് മുൻപ് വിആർ ഹെഡ്സെറ്റ് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണം. കൂടാതെ, ഹെഡ്സെറ്റുമായി ബന്ധിപ്പിക്കുന്ന ഗെയിം കൺട്രോളർ കൂടി ഉണ്ടായിരിക്കേണ്ടതാണ്. ഏകദേശം നൂറിലധികം എക്സ് ബോക്സ് ഗെയിമുകളാണ് എക്സ് ബോക്സ് ക്ലൗഡ് ഗെയിമിംഗ് ആപ്പ് വഴി ക്വസ്റ്റ് ഹെഡ്സെറ്റുകളിൽ ലഭിക്കുക. ഗെയിമുകൾ കളിക്കുമ്പോൾ വലിയ 2ഡി സ്ക്രീനാണ് ഹെഡ്സെറ്റിൽ കാണുക.
Also Read: ഗ്രാമങ്ങളുടെയും ചെറുപട്ടണങ്ങളുടെയും വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം: പ്രധാനമന്ത്രി
Post Your Comments