KeralaLatest News

ഏകമകളുടെ നിക്കാഹ് ഇന്നായിരുന്നു, വരന് കൈകൊടുത്ത് ചടങ്ങ് നടത്താൻ അനുവദിക്കാതെ വിധി അബ്ദുൽ മജീദിനെ കൂട്ടിക്കൊണ്ടുപോയി

മഞ്ചേരി: കഴിഞ്ഞ ദിവസം വൈകിട്ട് മലപ്പുറം മഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഓട്ടോഡ്രൈവർ അബ്ദുൽമജീദ് യാത്രയായത് ഏക മകളുടെ നിക്കാഹിന് സാക്ഷിയാകാൻ കഴിയാതെ. ഇന്നാണ് അബ്ദുൽമജീദിന്റെ മകളുടെ നിക്കാഹ്. എന്നാൽ, വരന് കൈകൊടുത്ത് ചടങ്ങ് നടത്താൻ വിധി അദ്ദേഹത്തെ അനുവദിച്ചില്ല. മകളുടെ വിവാഹത്തിന്റെ തിരക്കിൽ നിൽക്കുമ്പോഴും പരിചയക്കാർ ഓട്ടം വിളിച്ചപ്പോൾ പോകാൻ തയ്യാറായത് മരണത്തിലേക്കായിരുന്നു.

ഏറെക്കാലമായി മഞ്ചേരിയിലെ ഓട്ടോ ഡ്രൈവറാണ് അബ്ദുൽ മജീദ്. മകളുടെ നിക്കാഹ് സംബന്ധമായ തിരക്കുകളിലായിരുന്നു അബ്ദുൽ മജീദ്. പരിചയക്കാർ ഓട്ടത്തിന് വിളിച്ചതുകൊണ്ടാണ് ഒന്നുംനോക്കാതെ പുറപ്പെട്ടത്. പൊതു- ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ഇദ്ദേഹം നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു. മകളുടെ വിവാഹം നടത്താൻ പോലും അനുവദിക്കാതെ വിധി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയതിന്റെ നടുക്കത്തിലാണ് നാട്ടുകാർ‌.

ഇന്നലെ വൈകിട്ട് ആറുമണിയോടെ ആണ് സംഭവം. മഞ്ചേരി കിഴക്കേതലയിൽ നിന്ന് പുല്ലൂരിലേക്ക് പോകുന്ന ഓട്ടോ ആണ് അപകടത്തിൽ പെട്ടത്. കർണാടകയിൽ നിന്നെത്തിയ ശബരിമല തീർത്ഥാടകരുടെ ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദിനെ കൂടാതെ ഓട്ടോയിലെ യാത്രക്കാരായ മുഹ്സിന സഹോദരി തസ്നീമ, തസ്നിമയുടെ മക്കളായ മോളി(7), റൈസ(3) എന്നിവരാണ് മരിച്ചത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന സാബിറ, മുഹമ്മദ് നിഷാദ്(11), ആസാ ഫാത്തിമ(4), മുഹമ്മദ് അസാൻ, റൈഹാൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇറക്കം ഇറങ്ങിവന്ന ബസ്സാണ് ഓട്ടോയിലേക്ക് ഇടിച്ചു കയറിയത്. പിഴവ് ആരുടെ ഭാഗത്താണെന്ന് ഇപ്പോൾ പറയാൻ ആവില്ലെന്ന് മലപ്പുറം എസ്പി പറഞ്ഞു. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. അപകടകാരണത്തെക്കുറിച്ച് അടുത്ത ദിവസം തന്നെ മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് പൊലീസ് സംയുക്ത പരിശോധന നടത്തും. അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവറെ മഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തീർത്ഥാടകരെ മറ്റൊരു വാഹനത്തിൽ ശബരിമലയിലേക്ക് അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button