KeralaLatest News

‘നടുവേദനയ്ക്ക് ഒറ്റമൂലി 100 മില്ലിക്ക് 150 രൂപ മാത്രം!’ മരുന്നെന്ന വ്യാജേന ചാരായം വിൽപ്പന നടത്തിയ യുവാവ് പിടിയിൽ

കൊച്ചി: അനധികൃതമായി ചാരായം വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. പള്ളിപ്പുറം പള്ളി പറമ്പിൽ വീട്ടിൽ റോക്കി ജിതിൻ (റൊക്കി)യാണ് പിടിയിലായത്. ഇയാൾ നടുവേദനയ്ക്കുള്ള ഒറ്റമൂലി എന്ന വ്യാജേന ആണ് ചാരായ വിൽപ്പന നടത്തിയത്. ഇയാളുടെ പക്കൽ നിന്നും എട്ട് ലിറ്ററോളം ചാരായവും 10 ലിറ്റർ വാഷും പിടികൂടി.

ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി അനധികൃത മദ്യ- മയക്കുമരുന്ന് വിപണനത്തിനും വ്യാപനത്തിനുമെതിരെ എക്‌സൈസ് നടത്തുന്ന സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള നിരീക്ഷണത്തിലാണ് നടുവേദനയ്ക്കുള്ള ഒറ്റമൂലി 100 എം.എല്ലിന് 150 രൂപ എന്ന നിരക്കിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ടെന്നുള്ള വിവരം എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിക്കുന്നത്.

തുടർന്നുള്ള അന്വേഷണത്തിലാണ് ഒറ്റമൂലി ചാരായമാണെന്ന് മനസ്സിലായത്. സ്ഥിരമായി വാങ്ങുന്ന ഏതാനും ചില പരിചയക്കാർക്ക് മാത്രമാണ് ഇത് നൽകുന്നതെന്നും കണ്ടെത്തി. നേരത്തെ അയൽപക്കക്കാർക്കും മറ്റും ചാരായം വാറ്റുന്നതിന്റെ ഗന്ധം ലഭിക്കാതിരിക്കാനും ഒറ്റമൂലി ഉണ്ടാക്കുന്നതിന്റെ പ്രതീതി സൃഷ്ടിക്കുവാനും വേണ്ടി ആയുർവേദ ഉത്പന്നങ്ങൾ കൂട്ടിയിട്ട് കത്തിച്ചിരുന്നതായും ഇയാൾ വ്യക്തമാക്കി.

റോക്കി ജിതിനെ ചോദ്യം ചെയ്തതിൽ യൂട്യൂബ് നോക്കിയാണ് ചാരായ വാറ്റുപഠിച്ചതെന്നും പിടിക്കപ്പെടാതിരിക്കാനാണ് ഒറ്റമൂലി എന്ന രീതിയിൽ പരിചയക്കാർക്ക് മാത്രം ചാരായം നൽകിയിരുന്നതെന്നും, മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനനുസരിച്ച് ആവശ്യക്കാർക്ക് താമസസ്ഥലത്ത് എത്തിച്ച് കൊടുക്കുകയായിരുന്നു ചെയ്തിരുന്നതെന്നും ഇയാൾ വെളിപ്പെടുത്തി. ഇയാൾ ചാരായം വാറ്റുന്നതിന് ഉപയോഗിച്ചിരുന്ന വാറ്റുപകരണങ്ങളും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ ടി.പി.സജീവ് കുമാർ, ഐ.ബി ഇൻസ്‌പെക്ടർ എസ്. മനോജ് കുമാർ, ഐ.ബി പ്രിവന്റീവ് ഓഫീസർ എൻ.ജി.അജിത്കുമാർ, സിറ്റി മെട്രോ ഷാഡോ സി.ഇ.ഒ. എൻ.ഡി.ടോമി, സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഇ.ഒ ടി.പി ജെയിംസ്, കെ.എ മനോജ്, വനിത സി.ഇ.ഒ അഞ്ജു ആനന്ദൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button