ഇടുക്കി: വണ്ടിപ്പെരിയാര്‍ കേസില്‍ ആറു വയസുകാരിയുടേത് കൊലപാതകം തന്നെയെന്ന് പോക്സോ കോടതി. കേസിലെ വിധി പകര്‍പ്പിലാണ് കോടതിയുടെ വാദങ്ങളുള്ളത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്നും കോടതി പറയുന്നു. ആറു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടിരുന്നു.
Read Also: വോഡഫോൺ- ഐഡിയയുടെ നിയന്ത്രണം സ്വന്തമാക്കില്ല, വ്യക്തത വരുത്തി കേന്ദ്രസർക്കാർ
കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് അന്വേഷണം ഉദ്യോഗസ്ഥന് സംഭവസ്ഥലം സന്ദര്‍ശിച്ചതെന്ന് വിധി പകര്‍പ്പില്‍ പറയുന്നു. തെളിവുകള്‍ ശേഖരിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.
അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമാണ്. വിരളടയാള വിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടു. ശാസ്ത്രീയമായ തെളിവുകള്‍ സ്വീകരിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന് പരാജയപ്പെട്ടുവെന്നും കോടതി വിധിപകര്‍പ്പില്‍ പറയുന്നു. അതേസമയം, ലൈംഗിക ചൂഷണം നടന്നെന്നും ഉള്ള വാദം കോടതി അംഗീകരിക്കുന്നുണ്ട്.
അതേസമയം, കേസില്‍ പ്രതി അര്‍ജുനെ വെറുതെ വിട്ട കോടതിവിധിയില്‍ അപ്പീല്‍ പോകുമെന്ന് പൊലീസ് അറിയിച്ചു. പോക്സോ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. കട്ടപ്പന അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്.
Post Your Comments