Latest NewsKeralaIndia

സാമ്പത്തിക പ്രതിസന്ധി തുറന്നു പറഞ്ഞ് മുഖ്യമന്ത്രി: വരാനിരിക്കുന്നത് വൻ സാമ്പത്തിക ദുരന്തം, കാരണം കേന്ദ്രമെന്നും ആരോപണം

കോട്ടയം: സംസ്ഥാനം കടന്നുപോകുന്നത് ​ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് തുറന്നു സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റെ പ്രതികാരബുദ്ധിയോടെയുള്ള, ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ നടപടിയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും പിണറായി വിജയൻ ആരോപിച്ചു. ഇത് തുടർന്നാൽ സാമ്പത്തിക ദുരന്തത്തെ നാം നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

കേരളത്തിന് അടിയന്തരമായി 26,226 കോടി രൂപ ആവശ്യമുണ്ട്. കേന്ദ്ര നടപടികൾ മൂലം 2020-21 സാമ്പത്തിക വർഷം 9614.30 കോടിയും 2021-22ൽ 6281.04 കോടിയും കേരളത്തിനു നഷ്ടമായി. അടുത്ത അഞ്ചു വർഷംകൊണ്ടു ഇതു രണ്ടു മുതൽ മൂന്നു ലക്ഷം കോടി രൂപ വരെയാകും. 2003ലെ കേരള ഫിസ്കൽ റെസ്പോൺസിബിലിറ്റി ആക്ട് വഴിയായി ജിഡിപിയുടെ 3.5% ആണു സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി. സംസ്ഥാനം നിശ്ചയിക്കുന്ന കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കാൻ കേന്ദ്രത്തിന് അധികാരമില്ല. നികുതി, നികുതിയിതര വരുമാനം വർധിപ്പിച്ചും ചെലവിൽ മുൻഗണനാക്രമം നിശ്ചയിച്ചുമൊക്കെ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിച്ചെങ്കിലും സാമ്പത്തികാഘാതം താങ്ങാവുന്നതിലേറെയാണ് – മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കു ശുപാർശ ചെയ്യുന്നതു സംബന്ധിച്ചു ഗവർണർക്കു വിശദീകരണം നൽകും. സംസ്ഥാന സർക്കാരിനു ബജറ്റ് നിശ്ചയിക്കാനും പൊതുകടം കൈകാര്യം ചെയ്യാനും അധികാരമുണ്ട്. ‌സർക്കാർ ഉടമസ്ഥതയിൽ സംരംഭങ്ങൾ രൂപീകരിക്കാനും നടത്താനും പൂർണ അധികാരമുണ്ട്. എന്നാൽ ഇവയിലുള്ള കടന്നുകയറ്റമാണു കേന്ദ്രം നടത്തുന്നത്. കിഫ്ബി വഴി സംസ്ഥാന സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന 82,000 കോടി രൂപയുടെ ആയിരത്തിലേറെ പദ്ധതികൾ പെരുവഴിയിലാകാനും കേന്ദ്ര ഇടപെടൽ ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനാവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടുന്നതിനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമായാണു കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ധനകാര്യ പ്രവർത്തനങ്ങളിൽ കേന്ദ്രം നടത്തുന്ന ഭരണഘടനാവിരുദ്ധമായ ഇടപെടൽ തടയുക, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഭരണഘടനാവിരുദ്ധമായി വെട്ടിച്ചുരുക്കുന്നതു റദ്ദാക്കുക, സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ വഴിയുള്ള കടമെടുപ്പുകളെ സംസ്ഥാന കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയ ഉത്തരവ് റദ്ദ് ചെയ്യുക എന്നിവയാണ് സുപ്രീം കോടതി ഹർജിയിൽ കേരളത്തിന്റെ പ്രധാന ആവശ്യങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button