ഇനി അരിപ്പൊടി വേണ്ട, ചോളപ്പൊടി കൊണ്ട് ഉണ്ടാക്കാം ഒരു ഹെല്‍ത്തി ഇടിയപ്പം…

അരിപ്പൊടിയും ഗോതമ്പുപൊടിയും കൊണ്ടു രുചിയൂറും ഇടിയപ്പം തയാറാക്കാറുണ്ട്. എന്നാൽ, ഇനി മുതൽ ഇവ രണ്ടും വേണ്ട. ചോളപ്പൊടി കൊണ്ട് നല്ല രുചിയുള്ള ഇടിയപ്പം തയ്യാറാക്കി നോക്കാം…

ചേരുവകൾ

ചോളപ്പൊടി -1 കപ്പ്‌

തിളച്ച വെള്ളം -1.5 കപ്പ്‌

എണ്ണ -1 ടീസ്പൂൺ

തേങ്ങ – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു കപ്പ് ചോളപ്പൊടി എടുത്ത് ഒരു പാനില്‍ ഇട്ടു ചെറു ചൂടില്‍ നന്നായി ചൂടാക്കി എടുക്കാം. നല്ലത് പോലെ ചുവപ്പ് നിറമാകുന്നത് വരെ വേണം ഇത് ചൂടാക്കി എടുക്കാനായി. ശേഷം ഇത് നന്നായി തണുക്കാന്‍ വെക്കുക. നന്നായി തണുത്തശേഷം മാത്രം ഇതിനെ ഇടിയപ്പത്തിന് മാവായി കുഴച്ചെടുക്കാം. അതിനായി, ചൂട് പോയ മാവിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കൊടുക്കുക. ശേഷം, നല്ലത് പോലെ തിളച്ച വെള്ളം ചേര്‍ത്തു ഇതിനെ നന്നായി കുഴച്ചെടുക്കാം. നന്നായി സോഫ്റ്റ് ആവാന്‍ കുറച്ച് എണ്ണ കൂടി ചേര്‍ത്തു കുഴക്കുക.

പിന്നീട് സേവനാഴിയില്‍ അല്പം എണ്ണ തടവിയതിനു ശേഷം, കുഴച്ചു വച്ച മാവ് ഇതില്‍ ഇട്ടു ഇടിയപ്പ തട്ടിലേക്ക് പിഴിഞ്ഞ് ആവശ്യം അനുസരിച്ച് തേങ്ങ കൂടി ഇട്ട് ആവിയില്‍ വേവിച്ച് എടുക്കാം. 15 മുതൽ 20 മിനിറ്റ് വരെ ഇത് വേവിച്ച ശേഷം നന്നായി തണുത്തശേഷം ഇടിയപ്പം കഴിക്കാം..

Share
Leave a Comment