ന്യൂഡല്‍ഹി: സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പാര്‍ലമെന്റ്. പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറി അതിക്രമം നടത്തിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. പാര്‍ലമെന്റിലെ സുരക്ഷാ പ്രോട്ടോകോളുകളില്‍ മാറ്റം വരുത്തി. ഇനി മുതല്‍ എംപിമാര്‍ക്കും ജീവനക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും പ്രത്യേക കവാടത്തിലൂടെയായിരിക്കും പ്രവേശനം.
നിലവില്‍ സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചാല്‍ നാലാം ഗേറ്റിലൂടെയാവും പ്രവേശനം അനുവദിക്കുക. കൂടാതെ, ചേമ്പറിലേക്ക് ആളുകള്‍ ചാടുന്നത് തടയാന്‍ സന്ദര്‍ശക ഗാലറിക്ക് ഗ്ലാസുകള്‍ സ്ഥാപിക്കും. വിമാനത്താവളങ്ങളിലേതിന് സമാനമായ ബോഡി സ്‌കാന്‍ മെഷീനുകളും പാര്‍ലമെന്റില്‍ സ്ഥാപിക്കും.
അതേസമയം, ഇന്നലെ പാര്‍ലമെന്റില്‍ ഉണ്ടായ സുരക്ഷാ വീഴ്ച്ചയില്‍ ആറ് പേര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. നാലുപേര്‍ പിടിയിലായെങ്കിലും രണ്ട് പേര്‍ രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഘത്തിലെ അഞ്ചാമന്‍ ഗുഡ്ഗാവ് സ്വദേശി ലളിത് ഝാ ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആറാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
അതിക്രമത്തിന് മുന്‍പ് അഞ്ച് പേരും താമസിച്ചത് ലളിത് ഝായുടെ വീട്ടിലാണെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ നാല് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ലോക്‌സഭയില്‍ സ്‌പ്രേ പ്രയോഗിച്ച സാഗര്‍ ശര്‍മ ലഖ്നൗ സ്വദേശിയാണെന്ന് പൊലീസ് പറയുന്നു. ആറ് പേരും അതിക്രമത്തിന് പദ്ധതിയിട്ടത് ഓണ്‍ലൈന്‍ വഴിയാണെന്നാണ് വ്യക്തമാകുന്നത്.
Post Your Comments