പ്രസാദ് പ്രഭാവതി
————————
പ്രവാസ ജീവിതത്തിലെ സോഷ്യൽ മീഡിയ വ്യവഹാരങ്ങൾക്കിടയിൽ യാദൃശ്ചികമായി കണ്ണിൽ പെട്ടൊരു ചിത്രമാണ് ഇരിങ്ങോൾ കാവിനെ കാണിച്ചു തന്നത്. ഇരുവശത്തും വൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്ന ഇരുളടഞ്ഞ ഒരു വഴിയും, കരിയിലകൾ വീണു കിടക്കുന്ന ചവിട്ടുപടികളും. പടികൾക്കപ്പുറം തെളിഞ്ഞു നിൽക്കുന്ന ഒരു ക്ഷേത്രം. ക്ഷേത്രത്തിന്റെ പേര് ഇരിങ്ങോൾ കാവെന്നു കണ്ടതോടെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു. വെറും പത്തു ദിവസത്തെ എമർജൻസി ലീവിന് നാട്ടിൽ വന്നവനെ, അവിടം വരെയെത്തിക്കാനുള്ള കഴിവും ആ ഒരൊറ്റ ചിത്രത്തിലെ വന്യസൗന്ദര്യത്തിന് ഉണ്ടായിരുന്നു താനും. അങ്ങിനെ ചിത്രത്തിൽ കണ്ട കാവ് കാണാൻ രണ്ടുപേർ ഇറങ്ങിപ്പുറപ്പെട്ടു.
പിറ്റേന്ന് കാലത്ത് അങ്കമാലിയുടെയും, പെരുമ്പാവൂരിന്റെയും നഗരത്തിരക്കുകളെയും; വന നശീകരണത്തിന്റെ പക വീട്ടും വിധം കാലത്തെ തന്നെ തുടങ്ങുന്ന ചൂടിനേയും കടന്നു കൊണ്ട് യാത്ര ചെയ്യുമ്പോൾ ഗൂഗിളിൽ കണ്ടിരുന്ന ചിത്രത്തോളം മനോഹാരിത കാവിനുണ്ടായിരിക്കുമോ എന്ന ശങ്ക മാത്രമായിരുന്നു മനസ്സിൽ. ആ ശങ്കയ്ക്ക് ആക്കം കൂട്ടുന്ന മറ്റൊരു കാഴ്ച ആയിരുന്നു ശങ്കരന്റെ പേര് നൽകിയ പാലത്തിലൂടെ പോകുമ്പോൾ കണ്ട; മണൽക്കൂനകളും അവയിൽ ചെടികളും പൊന്തി മരണാസന്നയായ പെരിയാർ. കയ്യേറ്റങ്ങളുടെയും, ചൂഷണങ്ങളുടെയും നാട്ടിൽ ഒരു കാവ് ഇത്രയും ഭംഗിയോടെ നിൽക്കുമോ എന്ന ചിന്ത ഇരിങ്ങോളിനോട് അടുക്കും തോറും ശക്തമാവുകയായിരുന്നു. പക്ഷെ പെരുമ്പാവൂർ മൂവാറ്റുപുഴ റോഡിൽ നിന്നും വലത്തോട്ട് തിരിഞ്ഞ വാഹനം കാവിനു മുന്നിലെ ചെറിയ വഴിയിലേയ്ക്ക് തിരിഞ്ഞ ഒരൊറ്റ നിമിഷത്തിൽ തന്നെ അൻപതിനാല് കിലോമീറ്റർ ദൂരം ഞാൻ ചുമന്ന എന്റെ ശങ്കകൾ എല്ലാം ഇല്ലാതാവുകയായിരുന്നു.
പെരുമ്പാവൂരിൽ നിന്നും ഏകദേശം അഞ്ചു കിലോമീറ്റർ ദൂരമുള്ള ഇരിങ്ങോൾ കാവിന്റെ മുന്നിലേക്കെത്തുമ്പോൾ ആദ്യം കണ്ടത് നല്ല തെളിനീരോടെ ഒഴുകുന്ന ഒരു കൊച്ചു കനാൽ ആയിരുന്നു. അധികം വീതിയില്ലാത്ത റോഡിന്റെ വലതുവശത്തായി വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന കാവും. കാവിലേയ്ക്കുള്ള വഴി തിരിയുമ്പോൾ തന്നെ സ്വാഗതം ഓതുന്നുവെന്ന വണ്ണം ചീവീടുകളുടെ കച്ചേരിയും, കിളികളുടെ കളകൂജനവും കേട്ടു. മതിൽക്കെട്ടിനുള്ളിലേയ്ക്ക് കടന്നപ്പോൾ സർക്കാരിന്റെ ഒരു കാർ മുന്നിൽ തന്നെ കിടപ്പുണ്ട്. ഡ്രൈവിങ് സീറ്റിലിരുന്ന പോലീസുകാരൻ വീതി കുറഞ്ഞ ആ വഴിയിലൂടെ ക്ഷേത്രത്തിന്റെ അടുത്തുവരെ ഇരുചക്രവാഹനങ്ങൾക്ക് പോകാൻ അനുമതിയുണ്ട് എന്നും പറഞ്ഞു.
കാവിലെ കച്ചേരി നടന്നു കേൾക്കാൻ തോന്നിയ ആഗ്രഹത്തിന്റെ പുറത്ത്, വണ്ടി അവിടെ തന്നെ ഓരം ചേർത്ത് വെച്ചുകൊണ്ട് നടന്നു. ഇരിങ്ങോൾ കാവിനുള്ളിലേയ്ക്ക് കാലെടുത്തു വെച്ച ആ ഒരൊറ്റ നിമിഷം തന്നെ മനസ്സ് പറഞ്ഞു, അധികം ആളുകളെ കൂട്ടാതെ വരേണ്ട ഇടം തന്നെയായിരുന്നു ഇവിടമെന്നു. തന്റെ മണ്ണ് കാണാൻ വരുന്നവന് അതിന്റെ സൗന്ദര്യം പൂർണ്ണമായും ആസ്വദിക്കാനുള്ള ശേഷി നൽകാൻ, ഒരുപക്ഷെ ഇരിങ്ങോൾ കാവിലെ പ്രകൃതിയെന്ന അദൃശ്യ ശക്തി ഒരുക്കിയ നിമിത്തം കൂടിയാകാം രണ്ടുപേർ മാത്രമുള്ള ആ യാത്രയും.
അറുപത്തേക്കറോളം വിസ്തൃതിയുള്ള കൊച്ചു വനമാണ് ഇരിങ്ങോൾ കാവ്. ആഞ്ഞിലി, തേക്ക്, നിത്യഹരിത വനങ്ങളിൽ ധാരാളമായി കണ്ടുവരുന്ന തമ്പകം, തുടങ്ങിയ മരങ്ങളും നിരവധി ഔഷധചെടികളും ഇവിടെയുണ്ട്. ഇവയ്ക്കു പുറമെ നാല്പതിലധികം പക്ഷിവർഗങ്ങളും, ചെറുജീവികളും, അങ്ങിങ്ങായി പൊന്തി നിൽക്കുന്ന മൺപുറ്റുകളും എല്ലാം കാവിന്റെ വന്യഭംഗി വർധിപ്പിക്കുന്നു. ക്ഷേത്രത്തിന്റെ വിവിധ ദിശകളിലായി കാണാവുന്ന നടവഴികൾ വഴി ഈ ചെറുവനത്തിനുള്ളിലൂടെ നടന്നാൽ ചെറിയ കുളങ്ങളും കാണാൻ സാധിക്കും.റോഡിൽ നിന്നും വീതി കുറഞ്ഞ വഴിയിലൂടെ നടന്നു ചെല്ലുമ്പോൾ കാണുന്ന ക്ഷേത്രത്തിന്റെ ഭംഗി എടുത്തു പറയേണ്ടതുമാണ്. ഇരുളടഞ്ഞ വഴിയും താണ്ടി, മണ്ണിൽ ഉറങ്ങിക്കിടക്കുന്ന ഇലകളെയും അവയ്ക്കടിയിലൂടെ കുതിച്ചോടുന്ന തേരട്ട തീവണ്ടികളെയും എല്ലാം കടന്നു ചെല്ലുമ്പോൾ മുന്നിലതാ ചുറ്റുപാടുകളിലെ ഇരുട്ടിനെ മുഴുവൻ നിഷ്പ്രഭമാക്കും വണ്ണം പ്രകാശ ശോഭയോടെ നിൽക്കുന്ന ഇരിങ്ങോൾ കാവ് ക്ഷേത്രം. പൂഴിമണ്ണ് പരന്നു കിടക്കുന്ന ക്ഷേത്രമുറ്റത്തു നിൽക്കുമ്പോൾ അവിടേയ്ക്ക് മാത്രമായി കൂടുതൽ വെളിച്ചം സൂര്യൻ നൽകുന്നുണ്ടോ എന്ന് തോന്നിപ്പോകും.
.
ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഇരിങ്ങോൾ കാവിലെ പ്രതിഷ്ഠയ്ക്ക് കാരണമായി പറഞ്ഞു കേൾക്കുന്നത്. സ്വന്തം കുലത്തിൽ പിറക്കുന്ന ആൺകുട്ടികൾ തന്റെ ഏകാധിപത്യത്തിനു ഭീഷണിയാകുമോ എന്ന് ഭയന്നിരുന്ന കംസൻ, സഹോദരിയായ ദേവകിയെ സ്വന്തം കൊട്ടാരത്തിൽ തന്നെ താമസിപ്പിക്കുകയും, പിറക്കുന്ന ആൺകുട്ടികളെ എല്ലാം കൊന്നൊടുക്കുകയും ചെയ്തു. അക്കാരണത്താൽ തന്നെ എട്ടാമത് പിറന്ന ആൺകുട്ടിയെ വസുദേവർ ഗോകുലത്തിൽ എത്തിക്കുകയും, പകരം ഒരു പെൺകുഞ്ഞിനെ ദേവകിക്കു സമീപം കിടത്തുകയും ചെയ്തു. പെൺകുഞ്ഞാണെന്നറിഞ്ഞിട്ടും കൊല്ലാൻ മുതിർന്ന കംസന്റെ കയ്യിൽ നിന്നും അന്തരീക്ഷത്തിലേയ്ക്ക് ഉയർന്നു പോയ ആ ദിവ്യശിശു യോഗമായ ആയിരുന്നു എന്നും, ആ ചൈതന്യം ആദ്യമായി ഭൂമിയിൽ വന്നിരുന്ന ഇടം ഇരുന്നോൾ കാവായി എന്നും, കാലക്രമേണ ഇരിങ്ങോൾ കാവെന്നു പേരിനു രൂപാന്തരം വന്നു എന്നുമാണ് ഐതിഹ്യം. തൃണബിന്ദു മഹർഷി വേദാഭ്യാസം ചെയ്തിരുന്ന ഇടമാണ് ഇവിടമെന്നും ഈ ഭൂമിയിൽ വിഷജന്തുക്കളോ, ക്രൂരമൃഗങ്ങളോ ഉണ്ടായിരിക്കുകയില്ല എന്നും, വൃക്ഷങ്ങളെ ആരും നശിപ്പിക്കില്ല എന്നും അദ്ദേഹം വായു ഭഗവാനോട് പറഞ്ഞതായും, ഇവിടത്തെ ശാന്തത ഭഞ്ജിക്കും വിധം കാറ്റ് പോലും വീശരുതെന്ന് അനുശാസിച്ചതായും വിശ്വാസമുണ്ട്.
കഥയിൽ പറയുന്നത് പോലെ തന്നെ മൃഗങ്ങൾ ഇല്ലാത്ത കാടാണ് ഇവിടം. വനഭംഗി ആസ്വദിച്ചു ശേഷം ഉള്ളിൽ കടന്നാലോ ത്രൈലോക്യ സുന്ദരിയായി, പ്രഭാപൂർവ്വം ഇരിക്കുന്ന കാത്യായനീ വിഗ്രഹവും കാണാം. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി പിടിയാനകളെ ഉൾപ്പെടുത്തിയുള്ള പൂരമാണ് ഇവിടെ എന്നതും ഒരു വിശേഷമാണ്. ഇരിങ്ങോൾ കാവ് ക്ഷേത്രത്തിനെ കുറിച്ച് പറയുമ്പോൾ മറക്കാതെ പറയേണ്ടത്, മറ്റു ബഹുഭൂരിപക്ഷം ദേവസ്വം ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി ക്ഷേത്രത്തിൽ വരുന്നവരോട് തികഞ്ഞ മര്യാദ പുലർത്തുന്ന ജീവനക്കാരെ കുറിച്ച് തന്നെയാണ്. “ഇരിങ്ങോൾ കാവിനുള്ളിലെ ഒരു മരം പോലും മുറിക്കപ്പെടാറില്ല. ഏതെങ്കിലും മരം വീണാൽ തന്നെയും ആരും വിറകിനായി പോലും അതെടുത്തു കൊണ്ട് പോകാറുമില്ല. മണ്ണിൽ മുളച്ചു, മണ്ണിൽ വളർന്ന മരങ്ങൾ; വീണു ആ മണ്ണിൽ തന്നെ അലിഞ്ഞു ചേരും, അവയുടെ സ്ഥാനത്ത് പുതിയവ മുള പൊട്ടും. ഇരിങ്ങോൾ കാവിനുള്ളിലെ ഓരോ സസ്യവും ക്ഷേത്രത്തിലെ ഉപദേവതകൾ ആണ്. ക്ഷേത്ര പ്രതിഷ്ഠയോളം തന്നെ പ്രാധാന്യം ഓരോ സസ്യത്തിനുമുണ്ട്” – ക്ഷേത്രം പൂജാരിയായ ശ്രീ. മധു വിവരിച്ചു. കാവിങ്ങനെ തന്നെ മാറ്റമില്ലാതെ നിൽക്കുന്നത് അന്നാട്ടുകാരുടെ നല്ല മനസ്സ് കൊണ്ടാണെന്നും അദ്ദേഹം സ്മരിച്ചു.
(തുടരും)
Post Your Comments