ഉജ്ജയിനിലെ പ്രബല ഒബിസി നേതാവ് മോഹന്‍ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും. രണ്ടു പതിറ്റാണ്ടോളം നീണ്ട ശിവ്‍രാജ് സിങ് ചൗഹാന്‍ യുഗത്തിന് അന്ത്യമായി. മുന്‍കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ നിയമസഭാ സ്പീക്കറായേക്കും. സാമുദായിക സമവാക്യങ്ങള്‍ കണക്കിലെടുത്ത് ജഗ്ദീഷ് ദേവ്റയും രാജേഷ് ശുക്ലയും ഉപമുഖ്യമന്ത്രിമാരാകും.
ആര്‍എസ്എസുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന മോഹന്‍ യാദവ് എബിവിപിയിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നത്. ബിഎസ്‌സി, എല്‍എല്‍ബി, എംഎ (പൊളിറ്റിക്കല്‍ സയന്‍സ്), എംബിഎ, പിഎച്ച്ഡി വിദ്യാഭ്യാസ യോഗ്യതയുള്ള മോഹന്‍ യാദവ് എബിവിപി നഗരമന്ത്രി, ക്ഷേത്ര പ്രചാരക് കൂടി ആയിരുന്നു. മധ്യപ്രദേശില്‍ നിന്നും ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നയാളാണ് ശിവരാജ് സിംഗ് ചൗഹാന്‍.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ പാര്‍ട്ടി ചൗഹാനെ തഴയുകയാണെന്ന ആരോപണം ശക്തമായിരുന്നു. അപ്പോഴും ഹൈക്കമാന്‍ഡ് തീരുമാനിക്കുന്ന ഏത് പദവിയും സ്വീകരിക്കുമെന്ന പക്ഷമാണ് ചൗഹാന്‍ സ്വീകരിച്ചതെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രം സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നതിന്റെ സൂചനകൂടിയാണ് മുഖ്യമന്ത്രി പദത്തിലെ ട്വിസ്റ്റ് എന്നും വിലയിരുത്തുന്നു.
തിരഞ്ഞെടുപ്പ് ഫലം വന്നശേഷവും ചൗഹാന്‍ ഡല്‍ഹിയില്‍ പാര്‍ട്ടി നേതൃത്വത്തെ കാണാനോ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്താനോ ശ്രമിച്ചിരുന്നില്ല. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 29 സീറ്റിലും ബിജെപിയെ ജയിപ്പിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു ചൗഹാന്റെ പ്രതികരണം.
Post Your Comments