ആഗോള നാണയമായ അമേരിക്കൻ ഡോളറിന് ഇനി മുതൽ പരീക്ഷണകാലമെന്ന് റിപ്പോർട്ട്. ലോക രാജ്യങ്ങളിൽ നാണയപ്പെരുപ്പം കുറഞ്ഞതോടെ പ്രമുഖ കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകൾ കുറയ്ക്കാൻ ഒരുങ്ങുന്നതാണ് ഡോളറിന് വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. നിലവിൽ, വൻകിട നിക്ഷേപകർ മികച്ച സാധ്യതയുള്ള സ്വർണത്തിലേക്കും, വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളിലേക്കും പണം മാറ്റുന്ന പ്രവണതയാണ് ഡോളറിന് മേൽ വലിയ രീതിയിലുള്ള സമ്മർദ്ദം സൃഷ്ടിച്ചിരിക്കുന്നത്. സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ അനുസരിച്ച്, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഡോളറിന് ലഭിച്ച പ്രമാധിപത്യം നഷ്ടമാകാനുള്ള സാധ്യത വർദ്ധിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഡോളറിന്റെ മൂല്യത്തിൽ ഉണ്ടായ വർദ്ധനവ് താങ്ങാൻ കഴിയാത്തതിനാൽ, വികസ്വര രാജ്യങ്ങൾ വിദേശ നാണയ ശേഖരത്തിൽ സ്വർണം ഉൾപ്പെടെയുള്ള ബദൽ ആസ്തികൾ കൂടുതൽ ഉൾപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. 2022 മെയ് മാസം മുതൽ അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വായ്പാ നിരക്കുകൾ തുടർച്ചയായി ഉയർത്തിയതോടെ വലിയ നേട്ടമാണ് ഡോളർ കൈവരിച്ചത്. ഇതോടെ, ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളറിന്റെ മൂല്യം റെക്കോർഡ് ഉയരത്തിലെത്തുകയായിരുന്നു.
ഇന്ത്യയും ചൈനയും മുതൽ അമേരിക്കൻ രാജ്യങ്ങളും അറബ്, ആഫ്രിക്കൻ രാജ്യങ്ങളും വരെ ഡോളർ ഉപയോഗിച്ചുള്ള വ്യാപാരങ്ങൾക്ക് ബദൽ മാർഗ്ഗം തേടാൻ ആരംഭിച്ചിട്ടുണ്ട്. ഇത് ഡോളറിന് കൂടുതൽ ക്ഷീണമായിട്ടുണ്ട്. വികസ്വര രാജ്യങ്ങളടക്കം ബദൽ മാർഗ്ഗം തേടുന്നതിനാൽ, ഇന്ത്യൻ രൂപയ്ക്ക് നേട്ടം കൈവരിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ശക്തമായ സമ്പദ് വ്യവസ്ഥയുള്ള ഇന്ത്യയെ തേടി നിരവധി നിക്ഷേപകർ ഇതിനോടകം തന്നെ എത്തിയിട്ടുണ്ട്.
Post Your Comments