‘കണ്ണേ കരളേ രാജേട്ടാ’; കാനം രാജേന്ദ്രന് അന്ത്യാഞ്ജലിയർപ്പിച്ച് തലസ്ഥാനം, വിലാപയാത്ര കോട്ടയത്തേക്ക്

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രീയ കേരളം. കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. പൊതുദർശനത്തിന് വെച്ച ശേഷം വിലാപയാത്ര കോട്ടയത്തേക്ക്. പ്രത്യേക വിമാനത്തിലാണ് കാനം രാജേന്ദ്രന്‍റെ മൃതദേഹം തലസ്ഥാനത്തേക്ക് കൊണ്ടുവന്നത്. വിമാനത്താവളത്തിൽ പ്രവർത്തകരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളും പ്രിയ സഖാവിന് അഭിവാദ്യം അർപ്പിച്ചു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കാനം രാജേന്ദ്രന് അന്ത്യോപചാരം അർപ്പിക്കാനെത്തി. സിപിഐ ഓഫീസായ പട്ടത്തെ പിഎസ് സ്മാരകത്തിലാണ് പൊതുദർശനം വെച്ചത്. പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ ജീവിതത്തിന്‍റെ നാനാതുറകളിലുള്ളവര്‍ പട്ടത്തെ ഓഫീസിലേയ്ക്ക് എത്തിയിരുന്നു. മൃതദേഹം കോട്ടയത്തേക്ക് വിലാപയാത്രയായി കൊണ്ടുപോവുകയാണ്. നാളെ രാവിലെ 11 മണിക്ക് വാഴൂരിലാണ് സംസ്കാരം.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ വൈകീട്ടാണ് കാനം രാജേന്ദ്രൻ അന്തരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും നവകേരളസദസിനിടെ ആശുപത്രിയിലെത്തി ഇന്നലെ തന്നെ കാനം രാജേന്ദ്രന് ആദരാഞ്ജലി അർപ്പിച്ചിരുന്നു.

Share
Leave a Comment