ബിഗ് ബോസ് മത്സരാർഥികളായിരുന്ന റെനീഷ റഹ്മാനും വിഷ്ണു ജോഷിയും വിവാഹിതരാകുന്നുവെന്ന ഗോസിപ്പുകൾക്ക് ഒടുവിൽ വിരാമം. വൈറലായ ചിത്രങ്ങൾക്ക് പിന്നിലെ യാഥാർഥ്യം എന്താണെന്ന് ഇരുവരും തുറന്നു പറയുന്നു. അതൊരു ഫോട്ടോഷൂട്ട് മാത്രമാണെന്നും തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും യൂട്യൂബ് ചാനലിലൂടെ വിഷ്ണുവും റെനീഷയും ആരാധകരെ അറിയിച്ചു. റെനീഷയുടെയും വിഷ്ണുവിന്റെയും ഒരു ബ്രൈഡൽ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരാവുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. ഇതിന് മറുപടി നൽകുകയായിരുന്നു ഇരുവരും.
‘അങ്ങനെ അവസാനം അത് സംഭവിച്ചു’ എന്ന തലക്കെട്ടോടെയായിരുന്നു വിഷ്ണു പുതിയ വീഡിയോ പങ്കുവച്ചത്. ഈ ഫോട്ടോഷൂട്ട് പുറത്തുവന്നാൽ നിരവധി ഗോസിപ്പുകൾ പുറത്തു വരുമെന്ന് റെനീഷയും പറയുന്നുണ്ട്. ‘നിങ്ങളിതു കേട്ടാൽ ഞെട്ടും, ബിഗ് ബോസ് താരങ്ങളായ റെനീഷയുടെയും വിഷ്ണുവിന്റെയും വിവാഹനിശ്ചയം കഴിഞ്ഞതായാണ് ഇപ്പോൾ വരുന്ന വാർത്ത. ഇങ്ങനെയൊക്കെയാകും യൂട്യൂബിൽ ചില ചാനലുകളിൽ വരുന്ന തലക്കെട്ടുകൾ’, റെനീഷ പറയുന്നുണ്ട്.
റിങ്കു-വിങ്കു ജോഡി എന്ന പേരിലാണ് ഇരുവരും ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. ഇവരുടെ സൗഹൃദത്തിന് ആരാധകർ ഏറെയുണ്ട്. ഷോ നടക്കുമ്പോൾ ഇരുവരും പ്രണയത്തിലാണെന്നു വരെ വാർത്തകൾ വന്നു. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇവർ അറിയിക്കുന്നത്.
Leave a Comment