തിരുവനന്തപുരം: കേരളത്തെ പിറകോട്ടടിപ്പിക്കാനാണ് കേന്ദ്രസർക്കാർ നിരന്തരം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓഖി, നിപ്പ, പ്രളയം, കോവിഡ് മഹാമാരി തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ച നാടിനെ കേന്ദ്ര സർക്കാർ അവഗണിക്കുന്ന സ്ഥിതിയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ നാടിന്റെ അതിജീവനം ലോക ശ്രദ്ധ നേടിയതാണ്. നാടാകെ ഒരുമിച്ച് നിൽക്കേണ്ട ഘട്ടത്തിൽപ്പോലും കേന്ദ്രസർക്കാർ അർഹതപ്പെട്ടത് നിഷേധിച്ചു. നാടിനെ ഉയർത്തിക്കൊണ്ടുവരേണ്ട ഘട്ടത്തിലാണ് കേന്ദ്രം ഈ നിലപാട് സ്വീകരിച്ചത്. സഹായിക്കാൻ തയ്യാറായ രാഷ്ട്രങ്ങളെപ്പോലും പിന്തിരിപ്പിച്ചു. കേരളം രക്ഷപ്പെടാൻ പാടില്ലെന്ന ലക്ഷ്യം മാത്രമാണ് കേന്ദ്രസർക്കാരിനുണ്ടായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഹായങ്ങൾ നിരാകരിച്ചുകൊണ്ട് കേരളത്തെ ചൂഷണം ചെയ്യുന്ന സമീപനം സ്വീകരിച്ചു. ഈ ഘട്ടങ്ങളിൽ കേരളത്തിനൊപ്പം നിൽക്കാതെ എതിർപ്പ് ഉയർത്താനാണ് പ്രതിപക്ഷമായ യുഡിഎഫും ശ്രമിച്ചത്. അത് ഇന്നും തുടരുന്നു. കേന്ദ്ര വിവേചനത്തെ ചോദ്യം ചെയ്യാൻപോലും യുഡിഎഫ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ ശബ്ദം ഉയരേണ്ട പാർലമെന്റിൽ യുഡിഎഫ് എംപിമാർ മൗനം പാലിക്കുകയാണ്. പ്രളയകാലത്തെ ജീവനക്കാരുടെ സാലറി ചലഞ്ചിനെപ്പോലും എതിർത്തു. ദുരവസ്ഥകളിൽ നാടിനോടൊപ്പം നിൽക്കാൻ യുഡിഎഫ് തയ്യാറാകുന്നില്ല. ഓരോ കാലത്തും ചെയ്യേണ്ട കാര്യങ്ങൾ അപ്പപ്പോൾ ചെയ്ത് കാലാനുസൃതമായ മുന്നേറ്റം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളുടെ ഐക്യവും ഒരുമയുമാണ് അതിജീവനത്തിന്റെ അടിസ്ഥാനം. ഒരുമയോടെയും ഐക്യത്തോടെയും നേരിട്ടാൽ നമുക്ക് അസാധ്യമായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments