KeralaLatest News

ബീമാപള്ളി ഉറൂസ്: തിരുവനന്തപുരത്ത് അവധി പ്രഖ്യാപിച്ചു, ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ, ശുചീകരണത്തിന് പ്രത്യേക ഡ്രൈവ്

തിരുവനന്തപുരം: പ്രശസ്ത ഇസ്ലാംമത ആരാധനാലയമായ തിരുവനന്തപുരം ബീമാപ്പള്ളിയിലെ ഉറൂസിനോടനുബന്ധിച്ച് പ്രദേശിക അവധി പ്രഖ്യാപിച്ചു. ഡിസംബർ പതിനഞ്ചിനാണ് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം നഗരപരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും ഡിസംബർ പതിനഞ്ചിന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോര്‍ജ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.

പ്രാദേശിക അവധി പ്രഖ്യാപിച്ചെങ്കിലും അന്നേദിവസം നടത്താനിരുന്ന പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ഡിസംബർ 15 ന് കൊടിയേറുന്ന ബീമാപള്ളി ദർഗ്ഗാ ഷറീഫ് ഉറൂസിനോടനുബന്ധിച്ച് സർക്കാർ വകുപ്പുകൾ നടത്തുന്ന ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

ഉറൂസ് മഹോത്സവം മികച്ച രീതിയിൽ നടത്തുന്നതിനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും ഉത്സവമേഖലയിലേക്കുള്ള പൊതുമരാമത്ത് വകുപ്പിന്റെയും നഗരസഭയുടെയും റോഡുകളുടെ അറ്റകുറ്റപ്പണികൾ അതിവേഗം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.ഉറൂസുമായി ബന്ധപ്പെട്ട് ബീമാപള്ളി ജമാഅത്ത് കമ്മിറ്റി ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

റോഡുകളിൽ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി ഇതിനോടകം കെ.എസ്.ഇ.ബി പൂർത്തിയാക്കിയിട്ടുണ്ട്. പള്ളിയുടെ കിഴക്ക് ഭാഗത്ത് കൂടുതൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനും അദ്ദേഹം നിർദ്ദേശം നൽകി.നഗരസഭയുടെ നേതൃത്വത്തിൽ ഉത്സവമേഖലയിലെ റോഡുകളും ഓടകളും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി. തീരദേശത്തെക്കൂടി ഉൾപ്പെടുത്തി ശുചീകരണത്തിനായി നഗരസഭ പ്രത്യേക ഡ്രൈവ് നടത്തും.

ഉറൂസിനെത്തുന്ന തീർത്ഥാടകർക്കായി ബയോ ടോയ്ലെറ്റ് സംവിധാനവും നഗരസഭ ഒരുക്കും. വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഉത്സവമേഖലയിൽ പ്രത്യേക കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പിനെ മന്ത്രി ചുമതലപ്പെടുത്തി. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഉറൂസ് നടത്തുക. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഉറൂസ് ദിവസങ്ങളിൽ പ്രദേശത്ത് നഗരസഭയും ഭക്ഷ്യസുരക്ഷാ വകുപ്പും പ്രത്യേക പരിശോധനകൾ നടത്തും.

ബീമാപ്പള്ളി ഉറൂസിന് 15നാണ് തുടക്കമാകുന്നത്. രാവിലെ 11ന് ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മാല മാഹിന്‍ പതാക ഉയര്‍ത്തും. 15 മുതല്‍ 24 വരെ വിവിധ വിഷയങ്ങളില്‍ മതപണ്ഡിതര്‍ പ്രഭാഷണം നടത്തും. സമാപന ദിവസമായ 25 ന് 1.30ന് പട്ടണപ്രദക്ഷിണം. രാവിലെ ആറിനുള്ള ഖുര്‍ആന്‍ ഖത്തം ദമാമിനു ശേഷമുള്ള നേര്‍ച്ച വിതരണത്തോടെ ഉറൂസിന് സമാപനമാകും. ഉറൂസ് പ്രമാണിച്ച് വിവിധ ഭാഗങ്ങളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തുമെന്ന് ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഷാജഹാന്‍, പ്രസിഡന്റ് മാല മാഹിന്‍,ട്രഷറര്‍ എം.ഐ. നൗഷാദ് എന്നിവര്‍ അറിയിച്ചു.

ക്രമസമാധാനവും തീര്‍ഥാടകരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് പട്രോളിംഗ്, എയ്ഡ് പോസ്റ്റ്, സിസിടിവി ക്യാമറ ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ തിരുവനന്തപുരം സിറ്റി പോലീസ് ഒരുക്കുന്നുണ്ട്. ലഹരിവിരുദ്ധ ക്യാമ്പയിനുകളും ഉത്സവമേഖലയില്‍ എക്സൈസ് പ്രത്യേക സ്‌ക്വാഡിന്റെ നിരീക്ഷണവും പരിശോധനയും ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button