Latest NewsKerala

36 കാരിയായ ഇസ്രയേൽ സ്വദേശിനി സ്വത്‍വ സ്വയം കുത്തിയിട്ട് ബാക്കി കുത്താൻ 75 കാരനായ ഭർത്താവിനോട് ആവശ്യപ്പെട്ടെന്ന് മൊഴി

കൊല്ലം: കൊല്ലത്ത് ഇസ്രയേൽ സ്വദേശിനിയായ യുവതിയെ മലയാളിയായ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത അകലുന്നില്ല. കൊട്ടിയത്തിന് സമീപമുള്ള ഡീസന്റ് മുക്കിൽ കഴിഞ്ഞ ദിവസമാണ് കൃഷ്ണചന്ദ്രൻ(75) ഭാര്യ രാധ എന്ന് വിളിക്കുന്ന സ്വത്‍വ(36)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച കൃഷ്ണചന്ദ്രൻ ​ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ അപകടനില തരണം ചെയ്താൽ മാത്രമേ കൊലപാതക കാരണം വ്യക്തമാകു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

16 വർഷമായി കൃഷ്ണചന്ദ്രനും സ്വത്‍വയും ഒരുമിച്ചാണ് താമസം. ഋഷികേശിൽ യോഗ അധ്യാപകനായിരുന്ന കൃഷ്ണചന്ദ്രന്റെ ശിഷ്യയായിരുന്നു സ്വത്‍വ. പിന്നീട് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. ഒരു വർഷം മുൻപാണ് കേരളത്തിലെത്തിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നുള്ള ബുദ്ധിമുട്ടുകളെ തുടർന്ന് കുറച്ചു നാളുകളായി ആത്മഹത്യ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഇവരെന്ന് കൃഷ്ണചന്ദ്രൻ മൊഴി നൽകി.

ഉത്തരാഖണ്ഡിൽ യോഗ അധ്യാപകനായിരുന്ന കൃഷ്ണചന്ദ്രൻ ഒരു വർഷം മുമ്പാണ് യുവതിയുമായി കൊട്ടിയത്ത് എത്തിയത്.ആയുർവേദ ചികിത്സക്കായി എത്തിയതെന്നായിരുന്നു കൃഷ്ണചന്ദ്രൻ എല്ലാവരോടും പറഞ്ഞിരുന്നത്. ബന്ധുവിൻറെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ബന്ധു കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെ വീട്ടിൽ എത്തിയപ്പോഴാണ് കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ സ്വത്‍വയെ കാണുന്നത്.

ഇന്നലെ വൈകിട്ട് 3.30ന് ഡീസന്റ് ജംക്‌ഷനിലെ കോടാലിമുക്കിന് സമീപത്തെ റേഷൻ കടയ്ക്ക് എതിർവശത്തുള്ള തിരുവാതിര എന്ന വാടക വീട്ടിലാണ് സംഭവം നടന്നത്. രവികുമാറും ഭാര്യ ബിന്ദുവുമാണ് ഇവിടെ വാടകയ്ക്കു താമസിക്കുന്നത്. ബിന്ദുവിന്റെ പിതൃ സഹോദരനാണ് കൃഷ്ണചന്ദ്രൻ. രവികുമാറും ബിന്ദുവും വീട്ടിൽ ഇല്ലായിരുന്ന സമയത്താണ് സംഭവം നടക്കുന്നത്. ഇന്നലെ ഉച്ചയോടെ ബിന്ദു ബന്ധു വീട്ടിൽ പോയി മടങ്ങിയെത്തി കോളിങ് ബെൽ ഒട്ടേറെ തവണ അടിച്ചിട്ടും വാതിൽ തുറന്നില്ല.

തുടർന്ന് വീടിന്റെ പിറകിലെ വാതിൽ തുറന്നു അകത്തു കയറി. കൃഷ്ണചന്ദ്രനും സ്വത്‍വയും കിടക്കുന്ന മുറിയിലെ കതകിനു തട്ടി. ഏറെ നേരം തട്ടിയതിനെ തുടർന്ന് കൃഷ്ണചന്ദ്രൻ വാതിലിന്റെ പാതി തുറന്നു. ബിന്ദു മുറിക്കുള്ളിലേക്കു നോക്കിയപ്പോൾ സ്വത്‍വ കഴുത്തിന് മുറിവേറ്റ് കട്ടിലിൽ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. നിലവിളിച്ചപ്പോൾ ബിന്ദുവിന്റെ മുന്നിൽ വച്ചു തന്നെ കൃഷ്ണചന്ദ്രൻ കത്തി കൊണ്ട് സ്വയം കുത്തി മുറിവേൽപ്പിച്ചതായാണ് പറയപ്പെടുന്നത്.

തുടർന്നു ബിന്ദു അയൽവാസികളെയും നാട്ടുകാരെയും വിളിച്ചു കതകു ചവിട്ടിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു. കഴുത്തിന് മുറിവേറ്റു കിടക്കുന്ന സ്വത്‍വയ്ക്കു സമീപത്ത് കൃഷ്ണചന്ദ്രനെയും അവശ നിലയിൽ കിടക്കുന്നതാണു കണ്ടത്. നാട്ടുകാർ ഉടൻ കൊട്ടിയം പൊലീസിനെ വിവരം അറിയിച്ചു. കൃഷ്ണചന്ദ്രനെ നാട്ടുകാരും സ്വത്‍വയെ പൊലീസുമാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. സ്വത്‍വ അപ്പോഴേക്കും മരിച്ചിരുന്നു.

പൊലീസെത്തി സ്വത്‍വയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലുള്ള കൃഷ്ണചന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. എന്താണ് കൊലപാതകത്തിലേക്ക് എത്തിയതിന് കാരണം പൊലീസിന് വ്യക്തതയില്ല. കൃഷ്ണചന്ദ്രൻറെ ആരോഗ്യനില മെച്ചപ്പെട്ട് ചോദ്യം ചെയ്താൽ മാത്രമേ ദുരൂഹത മറനീക്കാനാവൂ.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്നുള്ള ബുദ്ധിമുട്ടുകളെ തുടർന്ന് കുറച്ചു നാളുകളായി ആത്മഹത്യ ചെയ്യാനുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നു എന്നാണ് കൃഷ്ണചന്ദ്രൻ പൊലീസിനോട് പറഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം സ്വത്‍വ ആദ്യം സ്വയം കുത്തിപ്പരുക്കേൽപ്പിച്ചു. മരിക്കാത്തതിനാൽ കൃഷ്ണചന്ദ്രനോട് കുത്താൻ ആവശ്യപ്പെടുകയും കൃഷ്ണചന്ദ്രൻ കുത്തുകയും ചെയ്തു. തുടർന്നു കൃഷ്ണചന്ദ്രൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആത്മഹത്യാ കുറിപ്പും തയാറാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button