തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ജനങ്ങളുടെ ആനുകൂല്യങ്ങളാണ് നിഷേധിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തെ കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രം പണം നല്കുന്നില്ലെന്നത് വ്യാജ പ്രചാരണമാണെന്നു കേന്ദ്രധനമന്ത്രി നിർമല സീതാരാമനും പരസ്പരം പഴിചാരുന്ന പശ്ചാത്തലത്തിൽ നിജസ്ഥിതി കണ്ടെത്താൻ സംസ്ഥാന സർക്കാർ അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ വ്യക്തമായ ചിത്രം ജനങ്ങൾക്ക് അടിയന്തരമായി അറിയേണ്ടതുണ്ട്. 50 ലക്ഷം ക്ഷേമപെൻഷൻകാരിൽ 8.46 ലക്ഷം പേർക്കു മാത്രമാണ് കേന്ദ്രം പണം നൽുന്നതെന്നു പറയുന്ന മുഖ്യമന്ത്രിക്ക് ബാക്കിയുള്ളവരുടെ നാലു മാസത്തെ കുടിശിക വരുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. ക്ഷേമ പെൻഷൻ നൽകാൻ മാത്രമായി പെട്രോളിയം ഉല്പന്നങ്ങൾക്ക് 2 രൂപ സെസ് ഏർപ്പെടുത്തി പിരിച്ച ശതകോടികൾ എവിടെപ്പോയെന്ന് അദ്ദേഹം ചോദിക്കുന്നു. ഈ തുക 27 കോടിയുടെ കേരളീയം പരിപാടിക്കും കോടികളുടെ നവകേരള സദസിനുമൊക്കെ വകമാറ്റിയിട്ടുണ്ടോ എന്ന് ധവളപത്രത്തിലൂടെ അറിയാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2023- 24ലെ സിഎജി റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 28, 258 കോടി രൂപയുടെ നികുതി കുടിശികയുണ്ട്. സംസ്ഥാനത്തിന്റെ റവന്യൂവരുമാനത്തിന്റെ 23% വരുമിത്. ഇതിൽ ഏറ്റവും കൂടുതൽ നികുതി കുടിശികയുള്ളത് ജിഎസ്ടി വകുപ്പിനാണ്- 13,410 കോടി രൂപ. കേരളീയം പരിപാടിക്ക് ഏറ്റവും കൂടുതൽ സ്പോൺസറെ സംഘടിപ്പിച്ചു കൊടുത്തതിന് മുഖ്യമന്ത്രി അവാർഡ് നല്കിയത് ജിഎസ്ടി അഡീഷണൽ കമ്മീഷണർക്കാണ്. നികുതി പിരിച്ച് ഖജനാവിൽ അടച്ചില്ലെങ്കിലും കേരളീയം കെട്ടുകാഴ്ചയ്ക്ക് ഏറ്റവും കൂടുതൽ പിരിവു നടത്തിയതിനാണ് ഈ അവാർഡ്. വൻകിടക്കാരിൽനിന്നെല്ലാം പണം പറ്റിയ ജിഎസ്ടി ഉദ്യോഗസ്ഥർക്ക് കുടിശിക പിരിവും ഇനി അസാധ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments