KeralaLatest News

അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ യുവതി പിടിയിലായെന്ന് സൂചന: കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലം: ഓയൂരിലെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനി പൊലീസിന്റെ പിടിയിലായെന്ന് സൂചന. സംഘത്തിന് നേതൃത്വം നൽകിയ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ ഉച്ചക്ക് അബി​ഗേലിനെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചതിന് പിന്നാലെ തന്നെ ഇവർ പൊലീസിന്റെ പിടിയിലായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്നലെ ഉച്ചക്ക് ഒന്നേമുക്കലോടെയാണ് അബി​ഗേലിനെ ഓട്ടോയിലെത്തിയ യുവതി ആശ്രാമം മൈതാനത്ത് ഇറക്കിവിട്ടത്. ഇതിന് പിന്നാലെ ഉച്ചയ്ക്ക് രണ്ടരയോടെ കൊല്ലം ശങ്കേഴ്സ് ആശുപത്രിക്കു സമീപത്തു നിന്ന് യുവതിയെ പിടികൂടിയെന്നാണ് വിവരം. ഇവർ സംഭവത്തിന്റെ സൂത്രധാരനായ കുപ്രസിദ്ധ മോഷ്ടാവിന്റെ സഹോദര പുത്രിയാണെന്നാണ് സംശയം. ചിട്ടി തട്ടിപ്പ് ഉൾപ്പെടെ കേസുകളിൽ പ്രതിയാണ്. ഇവരെ ഡി.ഐ.ജി നിശാന്തിനിയുടെ നേതൃത്വത്തിൽ ചോദ്യംചെയ്തുവരികയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സംഭവത്തിൽ ചന്ദനത്തോപ്പ് കുഴിയം സ്വദേശി കുപ്രസിദ്ധ മോഷ്ടാവും ഗുണ്ടയുമായ യുവാവിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഇയാളുടെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ 10 ലക്ഷം ആവശ്യപ്പെട്ട് നടത്തിയ ഫോൺ വിളിയിൽ ബോസിന്റെ നിർദ്ദേശപ്രകാരമാണ് എല്ലാമെന്ന് പറഞ്ഞിരുന്നു. ഇയാളാണ് ആ ബോസെന്നാണ് പൊലീസ് നിഗമനം.

നിരവധി മോഷണക്കേസുകൾക്ക് പുറമേ ക്വട്ടേഷൻ ആക്രമണം, പിടിച്ചുപറി അടക്കമുള്ള കേസുകളിലും പ്രതിയാണ് ഇയാൾ. കൊല്ലം വെസ്റ്റ് സ്റ്റേഷനിൽ മാത്രം ഇയാളുടെ പേരിൽ അഞ്ച് മോഷണക്കേസുകളുണ്ട്. രാമൻകുളങ്ങരയ്ക്ക് അടുത്തുള്ള മൂലങ്കരയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പേ ചന്ദനത്തോപ്പിലേക്ക് താമസം മാറ്റുകയായിരുന്നു. മോഷണക്കേസിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. എന്നാൽ അടുത്തകാലത്തായി അധികം കാണാറില്ലെന്നാണ് അയൽവാസികൾ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ ജ്യേഷ്ഠൻ കൊലക്കേസിൽ ചെന്നൈ സെൻട്രൽ ജയിലിൽ തടവിലാണ്. ജ്യേഷ്ഠന്റെ പുത്രിയാണ് തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ സ്ത്രീയെന്നും സംശയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button