തൃശ്ശൂർ: കത്തിയെടുത്ത് അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തൃശ്ശൂരില്‍ രാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയില്‍. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്.
രാത്രി ഒമ്പതോടെയാണ് തൃശ്ശൂർ ടൗൺ വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് കോട്ടപ്പുറത്തിനടുത്ത് വീട്ടിൽ അക്രമം നടക്കുന്നു എന്ന സന്ദേശം എത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ അനൂപ്, സിപിഒമാരായ അജിത്ത് ലാൽ, രഞ്ജിത്, ഹോംഗാർഡ് ബേബി എന്നിവർ സ്ഥലത്ത് എത്തിയപ്പോൾ വീടിനകത്ത് ചെറുപ്പക്കാരൻ വെട്ടുകത്തിയെടുത്ത് അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. പെട്ടെന്ന് അലറിക്കൊണ്ട് യുവാവ് മുറിക്ക് പുറത്തേക്കു വന്ന്, എനിക്ക് കൊല്ലണം, എല്ലാവരെയും കൊല്ലും ഭീഷണിപ്പെടുത്തി തുടങ്ങി. പോലീസുദ്യോഗസ്ഥരെ കണ്ടതും കൂടുതൽ രോഷാകുലനായ പ്രതിയെ സബ് ഇൻസ്പെക്ടർ അനൂപും സംഘവും സംയമനത്തോടെ സമീപിച്ചു. വീട്ടിലുണ്ടായിരുന്ന പ്രായമായ സ്ത്രീ അവന്റെ അമ്മൂമ്മയാണ്.
പോലീസുദ്യോഗസ്ഥൻ സ്നേഹത്തോടെ പേരെടുത്തു വിളിച്ചതും പ്രതി വെട്ടുകത്തിയെടുത്ത് വീശി. പോലീസുദ്യോഗസ്ഥർ വീണ്ടും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കൈവശമുണ്ടായിരുന്ന വെട്ടുകത്തിയുടെ പരന്ന പ്രതലംകൊണ്ട് സ്വന്തം തലയിൽ അയാൾ അടിക്കാൻ തുടങ്ങി.
ഒരു മണിക്കൂറിലധികം പോലീസുദ്യോഗസ്ഥർ യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. അടുത്തുനിന്ന് സംസാരിച്ചു. അനുനയിപ്പിക്കാനാകില്ലെന്ന ഘട്ടം വന്നപ്പോൾ പോലീസ് സംഘത്തിലെ ഹോം ഗാർഡ് ബേബി യുവാവിന്റെ അടുത്തേക്കു ചെന്ന് അനുനയിപ്പിക്കാനെന്ന ഭാവത്തിൽ കെട്ടിപ്പിടിച്ചു. യുവാവ് കുതറി മാറാൻ ശ്രമിച്ചപ്പോഴേക്കും പോലീസുദ്യോഗസ്ഥരെല്ലാം ചേർന്ന് വെട്ടുകത്തി പിടിച്ചെടുത്തു. മയക്കുമരുന്നിന് അടിമയായി അക്രമാസക്തനായ ചെറുപ്പക്കാരനെ കുടുംബാംഗങ്ങളോടൊപ്പം ആശുപത്രിയിലെത്തിക്കാനുള്ള സഹായങ്ങളും ചെയ്ത ശേഷമാണ് പോലീസുദ്യോഗസ്ഥർ മടങ്ങിയത്.
Post Your Comments