ലക്നൗ: പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് ബസ് കണ്ടക്ടറെ വെട്ടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം നടന്നത്. ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മുഹമ്മദ് നബിയെ അപമാനിച്ചതിനാണ് കണ്ടക്ടറെ ആക്രമിച്ചതെന്ന് പ്രതി വീഡിയോയിലൂടെ കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കാലിൽ വെടിവച്ച ശേഷം പിടികൂടുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. പ്രതിയായ ലരേബ് ഹാഷ്മി ടിക്കറ്റ് നിരക്കിനെച്ചൊല്ലി ബസ് കണ്ടക്ടർ ഹരികേഷ് വിശ്വകർമയുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനിടെ പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് ബസ് കണ്ടക്ടർ ഹരികേഷ് വിശ്വകർമയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ വിശ്വകർമയുടെ കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ, കോളേജിലേക്ക് ഓടികയറിയ ഹാഷ്മി കോളേജിനുള്ളിൽ വെച്ച് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ബസ് കണ്ടക്ടർ പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ചതായി വീഡിയോയിൽ ഹഷ്മി പറഞ്ഞു. വിശ്വകർമയെ വെട്ടിയ കത്തിയും ഹാഷ്മിയുടെ കൈവശം ഉണ്ടായിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പേരുകളും വീഡിയോയിൽ ഹാഷ്മി പരാമർശിച്ചിട്ടുണ്ട്. കത്തിയുമായി ഓടുന്ന ബസിന് പുറത്തേക്ക് ഓടുന്ന ഹാഷ്മിയുടെ മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് ഹാഷ്മി. സംഭവത്തിന് ശേഷം പ്രയാഗ്‌രാജ് പോലീസ് ഹാഷ്മിയെ കോളേജിനുള്ളിൽ നിന്ന് പിടികൂടി. പിന്നീട്, കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാൻ പ്രതിയുമായി പോയ പോലീസ് സംഘത്തിന് നേരെ ഹാഷ്മി വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പോലീസ് തിരിച്ചടിക്കുകയും ഹാഷ്മിയുടെ കാലിന് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെത്തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments