KeralaLatest News

വിജയാഹ്‌ളാദത്തിനിടെ സദസിലേക്ക് പടക്കമെറിഞ്ഞു: ഉപജില്ലാ കലോത്സവത്തിൽ അധ്യാപകരും രക്ഷിതാക്കളും തമ്മിൽ കൂട്ടത്തല്ല്

പാലക്കാട്: മണ്ണാർക്കാട് ഉപജില്ലാ കലോത്സവത്തിനിടെ അധ്യാപകരും രക്ഷിതാക്കളും തമ്മില്‍ സംഘർഷം. വിജയാഹ്‌ളാദത്തിനിടെ വേദിയിലേക്ക് പടക്കം എറിഞ്ഞതാണ് കൂട്ടയടിക്ക് കാരണമായത്. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന ആളുകൾക്കെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.

മണ്ണാർക്കാട് ഡി എച്ച് എസ് എസില്‍ സബ് ജില്ലാ കലോത്സവത്തിന്റെ സമാപന ദിവസമായിരുന്ന ഇന്നലെ നടന്ന സമ്മാനദാനച്ചടങ്ങിനിടെയായിരുന്നു കൂട്ടത്തല്ല് നടന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോള്‍ ചാമ്പ്യന്മാരായ എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെയും കല്ലടി സ്കൂളിലെയും കുട്ടികളും അധ്യാപകരും രക്ഷിതാക്കളും, ആഹ്‌ളാദ പ്രകടനം നടത്തുകയായിരുന്നു. ഇതിനിടെ എം ഇ എസ് സ്കൂളിലെ അധ്യാപകർ അശ്രദ്ധമായി പടക്കങ്ങൾ പൊട്ടിക്കുകയും ഇവ സദസ്സിനിടയില്‍ ചെന്ന് വീഴുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പടക്കങ്ങൾ പൊട്ടിച്ച് ആഘോഷ പ്രകടനങ്ങൾ നടത്തരുതെന്ന് ഡി എച്ച് എസ് എസ് സ്കൂൾ അധികൃതർ എം ഇ എസ് സ്കൂളിലെ അധ്യാപകരോട് പറഞ്ഞു. ഇതോടെ ഇവർ തമ്മിൽ തർക്കമായി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇത് ഏറ്റെടുത്തതോടെ സംഘര്‍ഷത്തിലെത്തുകയായിരുന്നു. ഇതോടെ പൊലീസ് ലാത്തിവീശി. കല്ലേറിൽ അധ്യാപകന് തലയ്ക്ക് പരുക്കേറ്റു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ കണ്ടാൽ അറിയാവുന്ന ആളുകൾക്കെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button