നവകേരള സദസിന്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രക്ക് ഉപയോഗിക്കുന്ന ബസിൽ വലിയ സൗകര്യങ്ങളില്ലെന്ന് ആവർത്തിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. വാർത്തകളിൽ പറയുന്നത് പോലെയുള്ള സൗകര്യങ്ങൾ ഒന്നും ബസിലില്ല. ഇതൊരു പാവം ബസാണെന്നും കൊലക്കേസ് പ്രതിയെ കാണുന്നത് പോലെ കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. കാസർഗോഡ് മാധ്യമപ്രവർകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്രിഡ്‌ജോ ഓവനോ കിടപ്പുമുറിയോ ബസിൽ ഇല്ലെന്നും ആകെയുള്ളത് ശുചിമുറിയും ബസിൽ കയറാൻ ഓട്ടാമാറ്റിക് സംവിധാനവും മാത്രമാണ് എന്നുമാണ് മന്ത്രി പറയുന്നത്. ഈ ബസ് സാധാരണക്കാരന് ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗിക്കുമെന്നാണ് മന്ത്രിയുടെ വാദം. നവ കേരള സദസ്സ് കണ്ട് പ്രതിപക്ഷത്തിന് ഹാലിളകിയെന്നും അതിനാലാണ് ഈ തരത്തിൽ ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി വിമർശിച്ചു.
കെഎൽ 15 എ 2689 എന്നാണ് ബസ് നമ്പർ. ഈ മാസം ഏഴിന് ബസ് കേരളത്തിലെത്തിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കുകയും പൊലീസ് സുരക്ഷാ പരിശോധന നടത്തുകയും ചെയ്തിരുന്നു. ബേസിൻ ചോക്ക്ലേറ്റ് ബ്രൗൺ നിറം നൽകുന്നതിന് വേണ്ടി ബംഗളൂരുവിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബസിന് പുറത്ത് ആദ്യം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ പതിക്കാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാൽ, പിന്നീട് ഈ തീരുമാനം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. കേരള സർക്കാരിന്റെ ചിഹ്നം മാത്രം പതിപ്പിക്കുകയായിരുന്നു.
അതേസമയം മഞ്ചേശ്വരം മണ്ഡലത്തിൽ നവകേരള സദസിന്റെ ഭാഗമായി പരാതികൾ സ്വീകരിച്ച് തുടങ്ങി. പൈവളിഗെയിൽ പ്രത്യേകം സജ്ജീകരിച്ച ഏഴ് കൗണ്ടറുകൾ വഴിയാണ് പരാതികൾ സ്വീകരിക്കുന്നത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് പൈവളിഗെയിൽ നവകേരള സദസിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി നടത്തുന്നത്.
Post Your Comments