Latest NewsKerala

കണ്ണൂരിലെ കർഷകൻ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷം

കണ്ണൂർ: കണ്ണൂർ അയ്യൻകുന്നിൽ കർഷകനായ സുബ്രഹ്മണ്യൻ ആത്മഹത്യ ചെയ്തത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷം. കഴിഞ്ഞ ദിവസമാണ് മുടിക്കയം സ്വദേശി നടുവത്ത് സുബ്രഹ്മണ്യൻ (71) ആത്മഹത്യ ചെയ്തത്. പേരാവൂരിൽ നവകേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി എഴുതി തയ്യാറാക്കി വെച്ചിരുന്നെങ്കിലും മുഖ്യമന്ത്രി എത്തുന്നതു വരെ കാത്തു നിൽക്കാതെ സുബ്രഹ്മണ്യൻ ജീവനൊടുക്കുകയായിരുന്നു.

തന്റെ ജീവിത ദുരിതങ്ങൾ വിവരിച്ചാണ് കാൻസർ ബാധിതനായ സുബ്രഹ്മണ്യൻ നിവേദനം തയ്യാറാക്കിയിരുന്നത്. ജീവിതം വഴിമുട്ടിയെന്നും സഹായത്തിന് മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്നും നിവേദനത്തിൽ സുബ്രഹ്മണ്യൻ എഴുതിയിരുന്നു. ബുധനാഴ്ച ഉച്ചക്കാണ് സുബ്രമണ്യൻ ആത്മഹത്യ ചെയ്തത്. ക്യാൻസർ രോഗി ആയിരുന്ന സുബ്രമണ്യൻ പെൻഷൻ കൂടി മുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

ക്യാൻസർ രോഗബാധിതനായിരുന്ന സുബ്രഹ്മണ്യന് വാർദ്ധക്യ കാല പെൻഷനായിരുന്നു ഏക വരുമാന മാർഗം. എന്നാൽ പെൻഷൻ മുടങ്ങിയതും പ്രതിസന്ധിയുടെ ആഴം കൂട്ടി. ലൈഫ് പദ്ധതിയിയിൽ വീടിനായി അപേക്ഷ നൽകിയിരുന്നെങ്കിലും സ്വന്തമായി രണ്ടേക്കർ ഭൂമിയുള്ളതിനാൽ നിരസിക്കപ്പെട്ടെന്നും ബന്ധുക്കൾ പറയുന്നു.

രണ്ടേക്കർ ഇരുപത് സെന്റ് സ്ഥലവും വീടും ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് പലായനം ചെയ്യണ്ടി വന്ന കർഷകനാണ് സുബ്രമണ്യൻ. ചോര വിയർപ്പാക്കി നട്ടു നനച്ചതൊക്കെയും കാട്ടാന നശിപ്പിച്ചു. ഒടുവിൽ വീടിന് നേരെയും കാട്ടനയുടെ ആക്രമണം ഉണ്ടായതോടെ എല്ലാം ഉപേക്ഷിച്ച് വാടക വീട്ടിലേക്കെത്തി. രണ്ടര വർഷമായി നാട്ടുകാർ ഏർപ്പാടാക്കിയ വാടകവീട്ടിൽ ആയിരുന്നു താമസം. വാടക വാങ്ങാതെയാണ് വീട്ടുടമ ഇവരെ താമസിപ്പിച്ചിരുന്നത്. എന്നാൽ വീടിന്റെ അറ്റകുറ്റപ്പണികൾക്കായി തത്കാലം മാറി താമസിക്കാൻ കഴിഞ്ഞ ദിവസം വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. നാട്ടുകാർ മറ്റൊരു വീട് തേടുന്നതിനിടെ സുബ്രഹ്മണ്യൻ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button