Latest NewsNewsIndia

സഹോദരിയുടെ മരണത്തിന് 10 വര്‍ഷം കാത്തിരുന്ന് പ്രതികാരം ചെയ്ത് സഹോദരന്‍മാര്‍

 

ഗോരഖ്പൂര്‍: സഹോദരിയുടെ മരണത്തിന് 10 വര്‍ഷം കാത്തിരുന്ന് പ്രതികാരം ചെയ്ത് സഹോദരന്‍മാര്‍. സഹോദരിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ പ്രതിയെ പത്തു വര്‍ഷത്തിനു ശേഷം വെട്ടിക്കൊലപ്പെടുത്തി നദിയില്‍ തള്ളുകയായിരുന്നു. യുപിയിലെ ഗോരഖ്പൂരിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. യുവാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നശേഷം നദിയിലേയ്ക്ക് തള്ളുകയായിരുന്നു.

Read Also: തീരദേശവാസികളുടെ ചിരകാല സ്വപ്‌നം: കളിയിക്കാവിള-കരുനാഗപ്പള്ളി തീരദേശ ബസ് സർവീസ് തുടങ്ങി

യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി രപ്തി നദിയില്‍ തള്ളുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ രണ്ടു സഹോദരന്മാര്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്ഡിആര്‍എഫ് സംഘം കൊല്ലപ്പെട്ട വ്യക്തിയുടെ മൃതദേഹത്തിനായി നദിയില്‍ തിരച്ചില്‍ നടത്തുകയാണെന്നാണ് വിവരം.

ഗിഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നൗസാദ് ചൗക്കിയിലെ പിപ്രി ഗ്രാമത്തിലാണ് സംഭവം നടന്നത്. ദീപാവലി രാത്രിയിലാണ് 35 കാരനായ ഉമേഷ് ചൗഹാനെ കാണാതായത്. ഏറെനേരം കഴിഞ്ഞിട്ട് മകന്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവും ബന്ധുക്കളും തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഏറെ നേരം തിരഞ്ഞിട്ടും മകനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ, ഗ്രാമത്തിനടുത്തുള്ള കോളനിക്ക് സമീപം നിലത്ത് രക്തം ചിതറി കിടക്കുന്നത് നാട്ടുകാര്‍ കണ്ടതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

നാട്ടുകാരില്‍ നിന്നുള്ള വിവരം അനുസരിച്ച് ഉമേഷുമായി വിരോധമുള്ളവരുടെ പേരുകള്‍ പൊലീസ് ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമത്തില്‍ തന്നെയുള്ള രണ്ടു സഹോദരന്‍മാരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഉമേഷിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. തങ്ങളാണ് ഉമേഷിനെ കൊലപ്പെടുത്തിയതെന്ന് സഹോദരന്‍മാര്‍ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. ഉമേഷിനെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ ശേഷം മൃതദേഹം രപ്തി നദിയില്‍ തള്ളുകയായിരുന്നുവെന്ന് പ്രതികള്‍ പറഞ്ഞു.

യുവാക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസും എസ്ഡിആര്‍എഫ് സംഘവും നദിയില്‍ മൃതദേഹത്തിനായി തിരച്ചില്‍ നടത്തി. എന്നാല്‍ വൈകുന്നേരമായിട്ടും മൃതദേഹം കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. പിപ്രി ന്യൂ കോളനിക്ക് സമീപം വെച്ചാണ് ഉമേഷിനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നാണ് വിവരം. തുടര്‍ന്ന് ഇരുനൂറ് മീറ്ററോളം മൃതദേഹം വലിച്ചിഴച്ചു കൊണ്ടു പോകുകയും അവിടെ നിന്ന് മൃതദേഹം ബൈക്കില്‍ കയറ്റി പുഴയില്‍ തള്ളുകയുമായിരുന്നു എന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.

അതേസമയം സഹോദരിയുടെ കൊലപാതകത്തിന് പ്രതികാരമായാണ് യുവാക്കള്‍ ഉമേഷിനെ കൊലപ്പെടുത്തിയതെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മരിച്ച ഉമേഷ് ചൗഹാന്‍ ഏകദേശം 10 വര്‍ഷം മുമ്പ് ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ പ്രണയത്തിന്റെ പേരില്‍ ശല്യപ്പെടുത്തിയിരുന്നു. ഉമേഷിന്റെ പ്രണയം പെണ്‍കുട്ടി നിരാകരിച്ചതോടെ പക വര്‍ദ്ധിച്ച ഉമേഷ് പെണ്‍കുട്ടിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരണപ്പെട്ടു. അന്ന് ആസിഡ് ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ഉപേന്ദ്രയ്ക്കും പൊള്ളലേറ്റിരുന്നു. ചികിത്സ കഴിഞ്ഞെങ്കിലും ഉപേന്ദ്രയുടെ മുഖം വികൃതമായി തുടരുകയായിരുന്നു. ഇതിനിടെ ഉമേഷിനെ കൊലപ്പെടുത്തുമെന്ന് ഉപേന്ദ്ര ശപഥമെടുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ദീപാവലി ദിനത്തില്‍ തന്റെ സഹോദരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരനൊപ്പം ചേര്‍ന്ന് ഉപേന്ദ്ര ഉമേഷിനോട് പ്രതികാരം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

അന്ന് പെണ്‍കുട്ടിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി ഉമേഷ് ജയിലിലായിരുന്നു. മൂന്നു വര്‍ഷം മുന്‍പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ഉമേഷ് പുറത്തിറങ്ങിയ വിവരമറിഞ്ഞ് അന്നുമുതല്‍ ഉപേന്ദ്ര അവസരങ്ങള്‍ തേടുകയായിരുന്നു. ഒടുവില്‍ ദീപാവലി ദിനത്തില്‍ തന്റെ സഹോദരനൊപ്പം ചേര്‍ന്ന് ഉമേഷിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ലെന്നും ആജ്തക് റിപ്പോര്‍ട്ടു ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button