നെല്ല് സംഭരണം: സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുള്ളത് കോടികളുടെ കുടിശ്ശിക

കിലോഗ്രാമിന് 28.32 രൂപ നിരക്കിലാണ് സപ്ലൈകോ നെല്ല് സംഭരണം നടത്തിയത്

സംസ്ഥാനത്ത് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുള്ളത് കോടികളുടെ കുടിശ്ശിക. 2022-23 സീസണൽ സംഭരിച്ച നെല്ല് ഇനത്തിൽ 1097 കോടി രൂപയാണ് കുടിശ്ശികയായി നൽകാനുള്ളത്. ഏകദേശം ഈ സീസണിൽ 63.78 കോടി കിലോഗ്രാം നെല്ല് സംഭരിച്ചിട്ടുണ്ട്. അതിനായി 1086 കോടി രൂപയാണ് സർക്കാർ നൽകേണ്ടിയിരുന്നത്. ഇതിൽ 708 കോടി രൂപ നൽകിയിട്ടുണ്ട്.

കിലോഗ്രാമിന് 28.32 രൂപ നിരക്കിലാണ് സപ്ലൈകോ നെല്ല് സംഭരണം നടത്തിയത്. ഇതിൽ 21.83 രൂപ കേന്ദ്രസർക്കാരും, ശേഷിക്കുന്ന 6.49 രൂപ സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. എന്നാൽ, കേന്ദ്രത്തിന്റെ വിഹിതം ലഭിക്കണമെങ്കിൽ നെല്ല് സംഭരിച്ച ശേഷം അവ അരിയാക്കി റേഷൻ കടകളിലൂടെ വിതരണം ചെയ്യേണ്ടതുണ്ട്. ഈ കണക്കുകൾ സമർപ്പിച്ചതിനു ശേഷം മാത്രമാണ് കേന്ദ്രസർക്കാർ പണം അനുവദിക്കുകയുള്ളൂ.

Also Read: ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടുന്നു, സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കാൻ സാധ്യത

കേന്ദ്രത്തിൽ നിന്നുള്ള കാത്തിരിപ്പ് ഒഴിവാക്കാനാണ് പിആർഎസ് വായ്പ എന്ന നിലയിൽ ബാങ്കുകളുടെ സഹായത്തോടെ കർഷകർക്ക് പണം അനുവദിക്കുന്നത്. എന്നാൽ, കുടിശ്ശിക വന്നതോടെ ബാങ്കുകളും പണം നൽകുന്നത് നിർത്തിവയ്ക്കുകയായിരുന്നു. 6.9 ശതമാനം പലിശ നിരക്കിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നീ ബാങ്കുകളുടെ കൺസോർഷ്യം മുഖാന്തരമാണ് കർഷകർക്ക് പണം നൽകിയിരുന്നത്. അതേസമയം, 2023-24 കാലയളവിലേക്കുള്ള ആദ്യ ഘട്ട നെല്ല് സംഭരണം സപ്ലൈകോ ആരംഭിച്ചിട്ടുണ്ട്.

Share
Leave a Comment