സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. നിലവിൽ, തെക്ക്-കിഴക്കൻ അറബിക്കടലിൽ, ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇത് വരും മണിക്കൂറുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. കൂടാതെ, വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. അതേസമയം, നാളെ ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും, വെള്ളിയാഴ്ച ഇടുക്കി ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ, യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. കൂടാതെ, കടലാക്രമണം നിലനിൽക്കുന്നതിനാൽ തീരദേശ മേഖലകളിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11:30 വരെ ഉയർന്ന തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
Also Read: പ്രഭാതത്തില്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍
Post Your Comments