തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മിന്നലിനെക്കുറിച്ചുള്ള ശരിയായ അറിവ് ഒരു പരിധിവരെ അപകടം കുറയ്ക്കുന്നതിന് സഹായകരമാണ്.
അതിനാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
മിന്നലില്‍നിന്നും സുരക്ഷിതത്വം നല്‍കുന്ന ഇടങ്ങള്‍
മിന്നലിനെ ഉള്‍ഭാഗത്തേക്ക് തുളച്ചുകയറാന്‍ അനുവദിക്കാത്തതും പൊട്ടാത്തതുമായ ലോഹ പ്രതലങ്ങളാല്‍ ഭാഗികമായോ പൂര്‍ണമായോ ചുറ്റപ്പെട്ട സ്ഥലങ്ങള്‍ സുരക്ഷിതമായിരിക്കും. ഫ്രെയിം ഉള്ള കെട്ടിടങ്ങള്‍, ലോഹപ്രതലങ്ങളുള്ള വാഹനങ്ങള്‍ (തുറന്ന വാഹനങ്ങളല്ല), കൂരയും ഭിത്തിയും ലോഹ ഷീറ്റ് കൊണ്ട് മൂടിയതും ജോയിന്റുകള്‍ ചാലക പ്രതലം ഉറപ്പാക്കുന്ന തരത്തില്‍ വൈദ്യുത ശൃംഖലയുമായി ബന്ധിപ്പിച്ചതുമായ കെട്ടിടങ്ങള്‍ എന്നിവ ഉദാഹരണം.
വലുതും ചെറുതുമായ കെട്ടിടങ്ങളുടെ ഉള്‍ഭാഗം. പര്‍വതങ്ങളില്‍ കാണപ്പെടുന്ന പാര്‍ശ്വഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഒരാള്‍ക്ക് ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യാന്‍ കഴിയുന്ന പൊള്ളയായ ഭാഗങ്ങള്‍.
മിന്നല്‍ ഉള്ളപ്പോള്‍ ഒഴിവാക്കേണ്ട സ്ഥലങ്ങളും സാഹചര്യങ്ങളും
ഒരു പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ വസ്തുക്കളിലാണ് പ്രധാനമായും മിന്നല്‍ പതിക്കുന്നത്. പ്രത്യേകിച്ചും ലോഹനിര്‍മ്മിതമായ വസ്തുക്കളില്‍. ലോഹ വസ്തു വലുതാണെങ്കില്‍ സാധ്യത കൂടുന്നു.
മിന്നല്‍ സമയത്ത് കുന്നിന്റെ മുകള്‍ഭാഗം സുരക്ഷിതമല്ല. താഴ്വാരത്തേക്കാള്‍ മിന്നല്‍ പതിക്കാന്‍ സാധ്യത കൂടുതലാണ്.
തുറസായ മൈതാനത്ത് നില്‍ക്കാതിരിക്കുക. കുന്നിന്‍ മുകളിലെ ഒറ്റപ്പെട്ട മരങ്ങളുടെ അടിയിലും നില്‍ക്കുന്നത് ഒഴിവാക്കണം. മരത്തിന്റെ ഉയരം കൂടുംതോറും അപകട സാധ്യത കൂടും. മരങ്ങള്‍ ഉള്ള വനങ്ങളുടെ അരികില്‍ നില്‍ക്കുന്നത് അപകടകരമാണ്.
സുരക്ഷാ കവചം ഇല്ലാത്ത കളപ്പുര, കെട്ടിടങ്ങള്‍, നിരീക്ഷണ ടവറുകള്‍, കുടിലുകള്‍ എന്നിവ അപകടകരമാണ്. വൈദ്യുത ലൈനുകള്‍, ലോഹഘടനങ്ങള്‍ എന്നിവയുടെ സമീപ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കുക. ഉദാഹരണത്തിന് കൊടിമരം, ടി.വി ആന്റിനയുടെ പൈപ്പ്, കുത്തനെയുള്ള ലോഹ പൈപ്പുകള്‍ എന്നിവ.
തടാകങ്ങളും നീന്തല്‍കുളങ്ങളിലും മിന്നല്‍ പതിക്കാന്‍ സാധ്യത ഏറെയുള്ള സ്ഥലങ്ങളാണ്. ലോഹങ്ങളോ ലോഹ വയര്‍ കൊണ്ട് നിര്‍മ്മിച്ച വേലികള്‍, കൈവരികള്‍ എന്നിവയുമായി ചേര്‍ന്ന് നില്‍ക്കരുത്. സൈക്കിള്‍ ചവിട്ടുന്നതും ബൈക്ക്, ഓപ്പണ്‍ ട്രാക്ടര്‍ എന്നിവ ഓടിക്കുന്നതും ഒഴിവാക്കണം.
കോടാലി, പിക്ക് ആക്‌സ്, കുട, ലോഹ കസേരകള്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ പാടില്ല.
സുരക്ഷാ കവചം ഇല്ലാത്ത ചെറുമുറികളിലും കൂട്ടമായി നില്‍ക്കാന്‍ പാടില്ല.
കാറുകള്‍ക്ക് വളരെ അടുത്ത് നില്‍ക്കുന്നതും അതിനുമേല്‍ ചാരി നില്‍ക്കുന്നതും ഒഴിവാക്കുക.
റോഡ് റോളര്‍, റെയില്‍വേ ട്രാക്ക്, ലോഹം നിര്‍മ്മിതമായ വാഹനങ്ങള്‍ എന്നിവയുടെ സമീപത്ത് നില്‍ക്കരുത്.
Post Your Comments