കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളില്‍ ഒരാളുടെ പരിശോധന ഫലമാണ് ലഭിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിലാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്.
Read Also: സാമ്പത്തിക ഉപരോധം മൂലമുള്ള ധന ഞെരുക്കമുണ്ടെങ്കിലും കേരളം ആത്മവിശ്വാസത്തോടെ കുതിക്കും: ധനമന്ത്രി
തലശ്ശേരി ജില്ലാ കോടതിയില്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമുള്‍പ്പെടെ നൂറോളം പേര്‍ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതിന്റെ കാരണം സിക വൈറസ് ബാധയെ തുടര്‍ന്നാണെന്നും ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റുള്ളവര്‍ക്കും സിക വൈറസ് ബാധ തന്നെയായിരിക്കുമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൂടുതല്‍ പരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകു. ഒരാളില്‍ സിക വൈറസ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേരെ പരിശോധിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ ദിവസം നൂറോളം പേര്‍ക്കാണ് പനിയും കണ്ണിന് ചുവപ്പും ദേഹത്ത് ചുവന്ന പാടുകളും ഉണ്ടായത്. സിക വൈറസിന്റെ ലക്ഷണങ്ങള്‍ തന്നെയാണ് ഇതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
ജില്ലാ കോടതിയില്‍ ജീവനക്കാരും അഭിഭാഷകരുമുള്‍പ്പെടെ, നൂറോളം പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിന്റെ കാരണം കണ്ടെത്താനാകാത്തതില്‍ നേരത്തെ ആശങ്ക ഉയര്‍ന്നിരുന്നു. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. കോടതിയിലെ വെള്ളവും പരിശോധനയ്ക്കയച്ചിരുന്നു. ഒരേ രോഗലക്ഷണങ്ങള്‍ നൂറോളം പേര്‍ക്ക് അനുഭവപ്പെട്ടതോടെയാണ് ആശങ്ക ഉയര്‍ന്നത്. കണ്ണിന് ചുവപ്പും പനിയുമാണ് ചിലര്‍ക്ക് അനുഭവപ്പെട്ടത്.
സംഭവത്തെതുടര്‍ന്ന് മെഡിക്കല്‍ സംഘം കോടതിയിലെത്തി പരിശോധനയ്ക്കായി
സാമ്പിള്‍ ശേഖരിക്കുകയായിരുന്നു. ജഡ്ജിക്കുള്‍പ്പെടെ ശാരീരിക പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് മൂന്ന് കോടതികള്‍ രണ്ട് ദിവസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. മറ്റ് കോടതികളില്‍ എത്തിയവര്‍ക്കും രോഗ ലക്ഷണങ്ങളുണ്ട്. ആര്‍ക്കും ഗുരുതര പ്രശ്‌നങ്ങളില്ലെന്നത് ആശ്വാസകരമാണ്.
ഈഡിസ് വിഭാഗത്തിലുള്ള കൊതുകുകളാണ് സിക വൈറസ് പരത്തുന്നത്. മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗമാണ് സിക വൈറസ് രോഗം. തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന തുടങ്ങി ഡെങ്കിപ്പനിയോട് സാദൃശ്യമുള്ള ലക്ഷണങ്ങളാണ് രോഗത്തിനുള്ളത്.
Post Your Comments