തിരുവനന്തപുരം: ഭാവികേരളത്തെ നിർണയിക്കുന്നതിൽ കേരളീയത്തിന്റെ പങ്ക് മനസിലാക്കിയ ജനങ്ങൾ നൽകുന്ന പിന്തുണയും പ്രോത്സാഹനവുമാണ് കേരളീയം മഹോത്സവത്തിന്റെ വിജയമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങിൽ പതിനായിരത്തിലേറെ പേർ പങ്കെടുത്തു. നിറഞ്ഞ വേദികളിലാണ് എല്ലാ കലാപരിപാടികളും നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനത്തിരക്ക് മൂലം ഫുഡ്‌കോർട്ടിലെ മിക്ക സ്റ്റാളുകളിലും രാത്രി ഒമ്പത് മണിയോടെ ഭക്ഷണം തീരുന്ന സ്ഥിതിയുണ്ടായി. നഗരത്തിൽ നടപ്പിലാക്കിയ ട്രാഫിക്ക് നിയന്ത്രണങ്ങളോടും ജനങ്ങൾ സഹകരിച്ചു. കേരളത്തിലെ എല്ലാ മാധ്യമങ്ങളും നല്ല പിന്തുണയാണ് നൽകുന്നത്. തിരുത്തപ്പെടേണ്ടുന്ന വിമർശനങ്ങളെ തിരുത്തി തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. കേരളീയവുമായി ബന്ധപ്പെട്ട് കനകക്കുന്ന് പാലസിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരും പങ്കെടുത്തു.
കേരളത്തിലെ ഭൂപരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാരിന് കരുത്തുനൽകുന്ന സെമിനാറാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ജന്മിമാരിൽ നിന്നും കുടിയാന്മാരിലേക്ക് ഭൂമിയെത്തിയത് കേരളത്തെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ പ്രവർത്തനമാണെന്ന് സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. രജിസ്‌ട്രേഷൻ, റവന്യൂ, സർവേ വകുപ്പുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് പോർട്ടൽ നവംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കുടിയേറ്റവും കയ്യേറ്റവും സംസ്ഥാന സർക്കാർ രണ്ടായി തന്നെ പരിഗണിക്കും. ജീവിക്കാൻ വേണ്ടി ഭൂമിയിൽ കുടിയേറി പാർത്തവരോട് ശത്രുതാപരമായ മനോഭാവത്തോടെ പെരുമാറില്ല. എന്നാൽ അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്ന വൻകിട കയ്യേറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ആയിരം പേരെ പങ്കെടുപ്പിക്കണമെന്നാണ് സംഘാടക സമിതി തീരുമാനിച്ചിരുന്നതെങ്കിലും 2,680 പേർ റവന്യൂ വകുപ്പിന്റെ സെമിനാറിൽ രജിസ്റ്റർ ചെയ്തത് കേരളീയത്തെ ജനങ്ങൾ ഏറ്റെടുത്തതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments