കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കണ്ണൂർ. കണ്ണൂർ നഗരമാണ് ഇതിന്റെ ആസ്ഥാനം. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിൽ അഞ്ചാം സ്ഥാനത്താണ്. കേരളത്തിലെ നാലാമത്തെ വിമാനത്താവളം കണ്ണൂർ ജില്ലയിൽ ആണ്. കണ്ണൂർ കണ്ണന്നൂർ, കണ്ണനൂർ, കേനന്നൂർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. തറികളുടെയും തിറകളുടെയും നാട് എന്നാണു കണ്ണൂർ അറിയപ്പെടുന്നത്. കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂർ ഗ്രാമമാണ് പിന്നീട് കണ്ണൂർ എന്ന പേരിൽ അറിയപ്പെട്ടതെന്നാണ് ഒരു അഭിപ്രായം. കണ്ണന്റെ ഊര് കണ്ണൂരായെന്നും വിശ്വസിക്കുന്നവരുണ്ട്.
കോഴിക്കോട് കപ്പലിറങ്ങിയ വാസ്കോ ഡ ഗാമ കണ്ണൂരിലും വന്നിട്ടുള്ളതായി ചരിത്ര രേഖകളിൽ കാണാം. ജില്ലയുടെ വടക്കുകിഴക്കൻ ഭാഗങ്ങൾ അധികവും കുടിയേറ്റ മേഖലയാണ്. കുടിയേറ്റക്കാരിൽ ബഹുഭൂരിപക്ഷവും ഹൈന്ദവരും ക്രൈസ്തവരും ആണ്. കാടുപിടിച്ച് കിടന്ന മലമ്പ്രദേശങ്ങൾ വെട്ടിത്തെളിച്ച് കപ്പയും റബ്ബറും, ഇഞ്ചിയുമെല്ലാം നട്ട് പിടിപ്പിച്ച് ഒരു തികഞ്ഞ കാർഷിക മേഖലയാക്കിയത് ഈ കുടിയേറ്റക്കാർ ആയിരുന്നു. കേരളത്തിൽ ഏറ്റവുമധികം കടൽ തീരമുള്ള ജില്ലയാണ് കണ്ണൂർ. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ലയും കണ്ണൂർ തന്നെ. കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ലയും കേരളത്തിലെ ആദ്യ ജയിൽ മ്യൂസിയം ഉള്ള ജില്ലയും ഇത് തന്നെ.
ആഘോഷങ്ങൾ:
ഒപ്പന: കേരളത്തിലെ വിശേഷിച്ചും മലബാറിലെ മുസ്ലീം സമൂഹത്തിൽ നിലനിൽക്കുന്ന ജനകീയ കലാരൂപമാണ്. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള സംഘനൃത്തമാണിത്. സാധാരണ ഗതിയിൽ സ്ത്രീകളാണ് ഒപ്പന അവതരിപ്പിക്കുന്നത്. കോഴിക്കോട്, കണ്ണൂർ ,മലപ്പുറം ,കാസർഗോഡ് തുടങ്ങി ഉത്തരകേരളത്തിലെ മുസ്ലീം വീടുകളിലാണ് ഒപ്പന പ്രധാനമായും നിലനിൽക്കുന്നത്.
പൂരക്കളി :വടക്കൻകേരളത്തിലെ കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ പ്രമുഖ കലാരൂപങ്ങളിൽ ഒന്നാണ് പൂരംക്കളി. ഭഗവതി ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം കലാകാരൻ ചേർന്ന് ക്ഷേത്ര സന്നിധിയില്‍ അവതരിപ്പിക്കുന്ന കലാരൂപമാണ് പൂരക്കളി.
തെയ്യം: ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നുണ്ട്. അണ്ടലൂർകാവ്, കാപ്പാട്ടുകാവ്, മാവിലാക്കാവ്, പടുവിലാക്കാവ്, കൂടാളി എന്നിവടങ്ങളിലെ ദൈവത്താരുകൾ. പാലോട്ട് തെയ്യം ,കണ്ണപുരം,കല്ലൂരി എന്നിവിടങ്ങളിലെ കാരൻതെയ്യം. തിരുവപ്പന/വെള്ളാട്ടം , വിഷ്ണുമൂർത്തി, കതിവനൂർ വീരൻ, പൊട്ടൻ, ഗുളികൻ, വയനാട്ട്കുലവൻ, മുച്ചിലോട്ട് ഭഗവതി വിഷകണ്ഠൻ എന്നിങ്ങനെ ധാരാളം മൂർത്തികൾ ഉണ്ട്.
ആരാധനാലയങ്ങൾ:
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, കൊട്ടിയൂർ ക്ഷേത്രം,അണ്ടലൂർകാവ്, ,കാപ്പാട്ടുകാവ്,മാവിലാക്കാവ്,പടുവിലാക്കാവ്, പാലോട്ട് കാവുകൾ,മുഴപ്പിലങ്ങാട് ശ്രീ കുറുംബ ഭഗവതി ക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം,നീർവേലി ശ്രീരാമസ്വാമിക്ഷേത്രം തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം, തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രം, തൃച്ചംബരം ക്ഷേത്രം, ആലക്കോട് അരങ്ങം ശിവക്ഷേത്രം, മണക്കടവ് ശ്രീ മഹാവിഷ്ണുക്ഷേത്രം, വയത്തൂർ വയനാട് കുലവൻ ക്ഷേത്രം, കുന്നത്തൂർപാടി മുത്തപ്പൻ ക്ഷേത്രം, പയ്യാവൂർ ശിവക്ഷേത്രം,മാമാനിക്കുന്നു മഹാദേവി ക്ഷേത്രം , തിരുവില്ലംകുന്ന് ശിവക്ഷേത്രം (പയ്യന്നൂർ) എന്നിവ വളരെ പ്രശസ്തങ്ങളായ ഹൈന്ദവ ആരാധനാലയങ്ങളാണ്.
പേരാവൂർ പള്ളി(തൊണ്ടിയിൽ), ആലക്കോട് പള്ളി, ചെമ്പേരി പള്ളി, മേരിഗിരി പള്ളി ചെറുപുഴ പള്ളി ഇവയെല്ലാം വളരെ പ്രശസ്തങ്ങളാണ്. മുസ്ലീങ്ങൾ കൂടുതൽ ഉള്ള ഒരു ജില്ലയാണ് കണ്ണൂർ. അധികവും കച്ചവടവുമായി ബന്ധപ്പെട്ടാണ് ഇവർ ജീവിക്കുന്നത്. ഇപ്പോൾ കാർഷിക രംഗത്തും സജീവമാണ്. പല ഔലിയാക്കളുടെയും ഖബറുകൾ ജില്ലയിൽ പലയിടത്തും കാണാം. ഇവിടെ ആണ്ടുതോറും “ഉറൂസ്” നടക്കാറുണ്ട്.
തൊഴിൽ:
പ്രധാന തൊഴിൽ മേഖല കൃഷി തന്നെയാണ്. റബ്ബർ, തെങ്ങ്, കുരുമുളക്, ഇഞ്ചി, വാനില, കപ്പ ,കശുവണ്ടി ഇവയെല്ലാം ഇവിടെ കൃഷി ചെയ്യപ്പെടുന്നു, എങ്കിലും കാർഷിക മേഖലയുടെ നട്ടെല്ല് റബറും തെങ്ങും തന്നെയാണ്. കണ്ണൂർ കൈത്തറിയുടെയും ബീഡിയുടെയും, ചെങ്കല്ലിന്റെയും നാട് കൂടിയാണ്. കണ്ണൂരിലെ കൈത്തറി ലോകപ്രശസ്തമാണ്. കേരള ദിനേശ് ബീഡി കണ്ണൂരിന്റെ തൊഴിൽ മേഖലയിൽ മാത്രമല്ല രാഷ്ട്രീയ രംഗത്തും വലിയ സ്വാധീനം ചെലുത്തിയ പ്രസ്ഥാനമാണ്. ബീഡി തൊഴിൽ മേഖല ഇന്ന് വലിയ തിരിച്ചടികൾ നേരിടുകയാണ്. ഒരുകാലത്തു അനേകംപേർ തൊഴിൽ ചെയ്തിരുന്ന ഈ രണ്ടു തൊഴിൽമേഖലകൾ ഇന്ന് അന്യം നിന്ന്പോകുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു.
Post Your Comments