കൊച്ചി: കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്ററിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കാർ കേന്ദ്രീകരിച്ച് അന്വേഷണം. പ്രാർഥന ആരംഭിക്കുന്നതിന് അൽപം മുൻപായി ഒരു നീലക്കാർ അതിവേഗം കൺവെൻഷൻ സെന്ററിൽനിന്ന് പുറത്തേക്കു പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഈ കാർ ആരുടേതാണ്, സംഭവം നടക്കുന്നതിന് മുൻപ് പോകാനുണ്ടായ കാരണം എന്ത് എന്ന കാര്യത്തിൽ കൃത്യത വരുത്താനുള്ള ശ്രമത്തിലാണ് പോലീസ്. സ്ഫോടക വസ്തുക്കൾ സ്ഥാപിച്ച ആൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറായിരിക്കാം എന്നാണു നിഗമനം. ഇത് സ്ഥിരീകരിക്കാനാണ് പോലീസിന്റെ ശ്രമം.
അതേസമയം, സ്‌ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷം പടർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സർക്കാർ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം പങ്കു വെക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം. കളമശ്ശേരിയിലെ സ്‌ഫോടനത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സാമൂഹ്യ മാധ്യമങ്ങൾ സർക്കാർ നിരീക്ഷണത്തിലാണെന്നും മന്ത്രിമാർ അറിയിച്ചു.
കളമശ്ശേരിയിലെ പൊട്ടിത്തെറിയിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സയൊരുക്കാൻ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകി. ആശുപത്രികൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. 35 പേരാണ് നിലവിൽ ചികിത്സ തേടിയിട്ടുള്ളത്. ഏഴ് പേർ ഐസിയുവിലാണെന്നും മന്ത്രി പറഞ്ഞു. അവധിയിലുള്ള മുഴുവൻ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരും അടിയന്തരമായി തിരിച്ചെത്താൻ നിർദേശം നൽകി. കളമശേരി മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ അധിക സൗകര്യങ്ങളൊരുക്കാനും നിർദേശം നൽകി. അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റാശുപത്രികളിലും സൗകര്യമൊരുക്കാൻ നിർദേശം നൽകിയതായി വീണാ ജോർജ് അറിയിച്ചു.
Post Your Comments