കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിൽ ആശങ്ക വിതച്ച ഹാമൂൺ, തേജ് ചുഴലിക്കാറ്റുകൾ വഴിമാറി. ബംഗാൾ ഉൾക്കടലിലും, അറബിക്കടലിലും ഒരേസമയം ചുഴലിക്കാറ്റ് രൂപമെടുത്തെങ്കിലും കേരളത്തിന് അവ ഭീഷണിയായിരിക്കില്ലെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് വഴി മാറിയെങ്കിലും സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് അനുഭവപ്പെടുക. ഇന്ന് മുതൽ 28 വരെ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ, വരും ദിവസങ്ങളിൽ ഒരു ജില്ലയിലും യെല്ലോ അലേർട്ട് അടക്കമുള്ള മുന്നറിയിപ്പ് ഇതുവരെ നൽകിയിട്ടില്ല.
അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് ഇന്നലെ പടിഞ്ഞാറ് ലക്ഷ്യമാക്കിയാണ് നീങ്ങിയത്. നിലവിൽ, ഇവ ഇറാനിനപ്പുറം യെമനിൽ കരതൊട്ടു. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ഹാമൂൺ ചുഴലിക്കാറ്റ് ഒഡീഷയിലെ പാരാദ്വീപിൽ നിന്നും 200 കിലോമീറ്റർ തെക്ക്- കിഴക്ക് ദിശയിൽ സഞ്ചരിച്ച്, പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. ഈ ദിശയിൽ സഞ്ചരിക്കുന്നതിനാൽ പശ്ചിമ ബംഗാൾ, ഒഡീഷ, മണിപ്പൂർ, ത്രിപുര, മിസോറാം, അസം, മേഘാലയ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ഈ വർഷം രൂപപ്പെട്ട രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഹാമൂൺ.
Post Your Comments