ന്യൂഡൽഹി: ആർ.എസ്.എസ് എന്നാൽ രാഷ്ട്രീയ സർവ്വനാശ സമിതി എന്നാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു മതവും സംസ്‌കാരവും ഈ രാജ്യത്തുണ്ടെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശത്തിന് മറുപടിയെന്നോണമായിരുന്നു ബൃന്ദ കാരാട്ടിന്റെ ഈ പരാമർശം. ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് സ്വയം നിശ്ചയിച്ച തത്വം ലംഘിക്കുകയാണെന്നും ഇന്ത്യയുടെ സമ്മിശ്ര സംസ്‌കാരത്തിന്റെ മൂല്യങ്ങളും തത്വങ്ങളും ആർ.എസ്.എസിൽ നിന്നുള്ളവർ ആക്രമിക്കുകയാണെന്നും ബൃന്ദ കാരാട്ട് ആരോപിച്ചു.
‘എല്ലാ ദിവസവും സംഘപരിവാർ നേതാക്കൾ മറ്റ് മതങ്ങളെ അധിക്ഷേപിക്കുന്നു. അവർ എല്ലാ ദിവസവും വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയും ആളുകളെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. ആർ.എസ്.എസ് മൂല്യങ്ങളിലും തത്ത്വങ്ങളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ മോഹൻ ഭാഗവതും സംഘടനയിലെ മറ്റുള്ളവരും മറ്റ് മതങ്ങളിൽപ്പെട്ടവരെ എന്തിനാണ് ആക്രമിക്കുന്നതെന്ന് പറയണം’, ബൃന്ദ കാരാട്ട് പറഞ്ഞു.
ഹിന്ദുമതം എല്ലാ വിഭാഗങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്നും ഇസ്രായേലും ഹമാസും തമ്മിൽ നടക്കുന്നത് പോലെയൊരു യുദ്ധം ഇന്ത്യയിൽ നടന്നിട്ടില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞിരുന്നു. നാഗ്പുരില്‍ ഛത്രപതി ശിവജിയുടെ 350-ാം പട്ടാഭിഷേക വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു മതവും സംസ്‌കാരവുമാണ് ഈ രാജ്യത്തുള്ളത് എന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത് ഹിന്ദുക്കളുടെ രാജ്യമാണ് എന്നും അതിനര്‍ഥം മറ്റെല്ലാ മതങ്ങളെയും നാം തിരസ്‌കരിക്കുന്നു എന്നല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദു ആണ് ഇവിടെയുള്ളത് എന്ന് പറഞ്ഞാല്‍ ഇവിടെ മുസ്ലിങ്ങളും സംരക്ഷിക്കപ്പെടുന്നു എന്ന് എടുത്തുപറയേണ്ട കാര്യമില്ല എന്നും ഭാഗവത് ചൂണ്ടിക്കാട്ടി.
Post Your Comments