ഇമ്മീഡിയേറ്റ് പേയ്മെന്റ് സർവീസ് (ഐഎംപിഎസ്) ഇടപാടുകൾ കൂടുതൽ ലളിതമാക്കാൻ ഒരുങ്ങി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. സാധാരണയായി ഐഎംപിഎസ് ഇടപാടുകൾ നടത്താൻ അക്കൗണ്ട് വിവരങ്ങളും, ഐഎഫ്സിഐ കോഡും രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാൽ, പുതിയ അപ്ഡേഷൻ അനുസരിച്ച് ഇനി മുതൽ മൊബൈൽ നമ്പറും, ബാങ്ക് അക്കൗണ്ടിലെ പേരും ഉണ്ടെങ്കിൽ ഐഎംപിഎസ് വഴി പണം എളുപ്പത്തിൽ കൈമാറാൻ കഴിയുന്നതാണ്. മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്ത ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഉണ്ടെങ്കിൽ, ബെനിഫിഷറിക്ക് പണം സ്വീകരിക്കേണ്ട അക്കൗണ്ട് പ്രൈമറി അക്കൗണ്ടായി സെറ്റ് ചെയ്യാനും സാധിക്കും.
ഇടപാടുകൾ നടത്തുന്നതിനു മുൻപ് ബെനിഫിഷറിയുടെ വിവരങ്ങൾ ശരിയാണോയെന്ന് പരിശോധിക്കാനുള്ള അവസരം ഒരുക്കുന്നതിനാൽ, തെറ്റായ അക്കൗണ്ടിലേക്ക് പണം അയക്കുന്ന പ്രവണത തടയാൻ സാധിക്കും. നിലവിൽ, പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് ഐഎംപിഎസ് വഴി കൈമാറാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ, പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച് പരമാവധി 5 ലക്ഷം രൂപ വരെ കൈമാറാൻ സാധിക്കുന്ന തരത്തിലാണ് ക്രമീകരണം. ഐഎംപിഎസിന് കീഴിൽ പ്രധാനമായും രണ്ട് തരത്തിലുള്ള പേയ്മെന്റ് ഓപ്ഷനുകളാണ് ഉള്ളത്. പേഴ്സൺ ടു അക്കൗണ്ട്, പേഴ്സൺ ടു പേഴ്സൺ എന്നിങ്ങനെയാണ് രണ്ട് തരം പേയ്മെന്റുകൾ.
Post Your Comments