ഡൽഹി: ബിജെപി എംപി നിഷികാന്ത് ദുബെയ്ക്ക് എതിരെ വക്കീൽ നോട്ടീസ് അയച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന ദുബെയുടെ ആരോപണത്തെ തുടർന്നാണ് നോട്ടീസ്. നിഷികാന്ത് ദുബെയുടെ അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിക്കും മഹുവ മൊയ്ത്ര വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ലോക്‌സഭാ അംഗമെന്ന നിലയിൽ തന്റെ ചുമതലകൾ നിർവഹിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങൾ സ്വീകരിക്കുന്നില്ലെന്ന് മൊയ്ത്ര നോട്ടീസിൽ പറയുന്നു.
ആരോപണങ്ങൾ അപകീർത്തികരവും വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും ഒരു തെളിവും ഇല്ലെന്നും അവർ പറഞ്ഞു. ദുബെയും ദേഹാദ്രായിയും വ്യക്തിപരവും രാഷ്ട്രീയവുമായ പകപോക്കലിനായി തന്നെ ഉപയോഗപ്പെടുത്തുകയാണെന്നും മൊയ്ത്ര ആരോപിച്ചു. മൊയ്‌ത്രയും ദുബെയും മുമ്പ് പലതവണ പാർലിമെന്റിൽ ഏറ്റുമുട്ടിയിട്ടുണ്ടെന്നും മൊയ്‌ത്രയ്‌ക്കെതിരായ പ്രത്യേകാവകാശ നോട്ടീസിനെ ദുബെ പിന്തുണക്കുകയും പാർലമെന്റ് അംഗത്വം റദ്ദാക്കാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു എന്നും നോട്ടീസിൽ പറയുന്നു.
യുജിസിയുടെ സേവനം ഇനി വാട്സ്ആപ്പിലും! പുതിയ ചാനലിന് തുടക്കമായി
2023 മാർച്ചിൽ മഹുവ മൊയ്‌ത്ര നിഷികാന്ത് ദുബെയുടെ വിദ്യാഭ്യാസ യോഗ്യതയും തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയിലെ മറ്റ് വെളിപ്പെടുത്തലുകളുടെ ആധികാരികതയും ചോദ്യം ചെയ്തിരുന്നു. ഈ വിഷയം പാർലമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിൽ ദുബെ അസ്വസ്ഥനായെന്നും വെളിപ്പെടുത്തലുകൾ പരിശോധിക്കാതെ തനിക്കെതിരെ തെറ്റായതും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ദുബെ അന്ന് പ്രതികരിച്ചതായും മൊയ്ത്ര വ്യക്തമാക്കി. ലോക്‌സഭാ സ്പീക്കർക്ക് നൽകിയ കത്തിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പിൻവലിക്കണമെന്നും ദുബെയും ദെഹാദ്രായി രേഖാമൂലം ക്ഷമാപണം നടത്തണമെന്നും മൊയ്ത്ര ആവശ്യപ്പെട്ടു.
Post Your Comments