ഹൈദരാബാദ്: ഇന്ത്യാ വിഭജനം ചരിത്രപരമായ പിഴവാണെന്നും വിഭജനത്തെ ഇസ്ലാമിക പണ്ഡിതർ എതിർത്തിരുന്നു എന്നും പ്രസ്താവനയുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ഇന്ത്യാ വിഭജനം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും ചരിത്രപരമായി ഇന്ത്യയും പാകിസ്ഥാനും ഒറ്റ രാജ്യമായിരുന്നുവെന്നും ഒവൈസി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഹിന്ദു മഹാസഭയുടെ ആവശ്യപ്രകാരമാണ് ഇന്ത്യ–പാകിസ്ഥാൻ വിഭജനം സംഭവിച്ചതെന്നും മുഹമ്മദലി ജിന്നയ്ക്ക് അതിൽ പങ്കില്ലെന്നുമുള്ള സമാജ്വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കവെയാണ് ഒവൈസി ഇക്കാര്യം വ്യക്തമാക്കിയത്.
‘ചരിത്രപരമായി ഇതെല്ലാം ഒറ്റ രാജ്യമായിരുന്നു. നിർഭാഗ്യവശാൽ ഇന്ത്യ വിഭജിക്കപ്പെട്ടു. അതു സംഭവിക്കാൻ പാടില്ലായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. അന്നത്തെ ഇസ്ലാമിക പണ്ഡിതർ ഇതിനെ എതിർത്തിരുന്നു. നിങ്ങൾ ഈ വിഷയത്തിൽ ഒരു സംവാദം സംഘടിപ്പിച്ചാൽ ആരാണ് ഈ വിഭജനത്തിന്റെ ഉത്തരവാദി എന്നു ഞാൻ വിശദീകരിക്കാം. അക്കാലത്ത് സംഭവിച്ച ഈ ചരിത്രപരമായ പിഴവിന് ഒറ്റ വാചകത്തിൽ ഉത്തരം നൽകാനാകില്ല’ ഒവൈസി വ്യക്തമാക്കി.
Post Your Comments