പലരും നേരിടുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് നടുവേദന. ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന വരാത്തവര്‍ ചുരുക്കമായിരിക്കും. പല കാരണം കൊണ്ടും നടുവേദന വരാം. ചില ക്യാന്‍സറുകളുടെ ലക്ഷണമായും നടുവേദന വരാം. എന്നു കരുതി എല്ലാ നടുവേദനയും ക്യാന്‍സറിന്റെ ലക്ഷണമാകണമെന്നില്ല. നിത്യവുമുള്ളതും നിത്യജീവിതത്തെ ബാധിക്കുന്നതുമായ നടുവേദനയാണെങ്കില്‍ ഒരു ഡോക്ടറുടെ സഹായം തേടുന്നത് പ്രധാനമാണ്.
നടുവേദന ലക്ഷണമായി കാണിക്കുന്ന ചില ക്യാന്‍സര്‍ രോഗങ്ങളെ അറിയാം…
ഒന്ന്
ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ലെങ്കിലും ചിലരില്‍ നടുവേദന ഉണ്ടാകാം. ട്യൂമര്‍ നട്ടെല്ലിലോ നാഡീവ്യൂഹത്തിലോ അമര്‍ത്തുന്നത് മൂലമോ വേദന ഉണ്ടാകുന്നതാകാം. നിര്‍ത്താതെയുളള അതിഭയങ്കരമായ ചുമ, ചുമയ്ക്കുമ്പോള്‍ രക്തം വരുക, ശ്വസിക്കാനുളള ബുദ്ധിമുട്ട്, ശ്വാസതടസവും ചുമ മൂലം നെഞ്ചുവേദന ഉണ്ടാകുക, ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുക തുടങ്ങിയവയൊക്കെ ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണമാകാം.
രണ്ട്
സ്ത്രീകളെ ബാധിക്കുന്ന ഗുരുതരമായ അര്‍ബുദങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. ചിലരില്‍ സ്തനാര്‍ബുദം അസ്ഥികളിലേക്ക് വ്യാപിക്കുകയും നടുവേദനയ്ക്ക് കാരണമാവുകയും ചെയ്യാം. ഇതുമൂലം ശരീരഭാരം കുറയുകയും അമിതമായ ക്ഷീണം അനുഭവപ്പെടുകയും ചെയ്യാം.
മൂന്ന്
പുരുഷന്മാരെ ബാധിക്കുന്ന ക്യാന്‍സറുകളില്‍ പ്രധാനമായി മാറിയിരിക്കുകയാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍. പ്രായമായ പുരുഷന്മാര്ക്ക് മാത്രമല്ല ചെറുപ്പക്കാര്‍ക്കും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരാം. പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ ലക്ഷണമായും നടുവേദന വരാം. ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രത്തില്‍ രക്തം, നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ ആകാം.
നാല്
പുരുഷന്മാരില് ഏറ്റവും സാധാരണയായി കണ്ടു വരുന്ന ഒന്നാണ് ബ്ലാഡര്‍ ക്യാന്‍സര്‍. പ്രായമായവരിലാണ് പ്രധാനമായും ബ്ലാഡര്‍ ക്യാന്‍സര്‍ കാണപ്പെടുന്നത്. എന്നാല്‍ ചെറുപ്പക്കാരേയും ഇന്നിത് ബാധിക്കുന്നുണ്ട്. നടുവേദന, എപ്പോഴും മൂത്രം പോവുക, മൂത്രത്തില്‍ രക്തം കാണുക, മൂത്രം ഒഴിക്കുമ്പോഴുള്ള വേദന, മൂത്രം ഒഴിക്കാന്‍ തോന്നുകയും മൂത്രം വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥ തുടങ്ങിയവയെല്ലാം ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണങ്ങളാകാം.
അഞ്ച്
പാന്‍ക്രിയാസിന് ചുറ്റും അനിയന്ത്രിതമായി ക്യാന്‍സര്‍ കോശങ്ങള്‍ പെരുകുകയും ഒരു ട്യൂമര്‍ രൂപപ്പെടുകയും ചെയ്യുന്നതാണ് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍. ഈ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നതിന്റെ ഫലമായി മറ്റ് അവയവങ്ങളിലേയ്ക്കും പരക്കുകയും ചെയ്യുന്നതോടെ ലക്ഷണമായി കടുത്ത നടുവേദന ഉണ്ടാകാം.
ആറ്
സ്പൈനല്‍ ക്യാന്‍സറിന്റെ ആദ്യ ലക്ഷണമായി നടുവേദന വരാം. ഈ നടുവേദന പിന്നീട് അരക്കെട്ടിലേയ്ക്കും കാലിലേയ്ക്കും അനുഭവപ്പെടാം. അതിനാല്‍ ഈ ലക്ഷണങ്ങളും നിസാരമായി കാണരുത്.
ഏഴ്
കോളോറെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദത്തിന്റെ ലക്ഷണങ്ങളിലും നടുവേദന വരാം. സാധാരണ രീതിയില്‍ മലബന്ധമാണ് മലാശയ അര്‍ബുദത്തിന്റെ പ്രധാന ലക്ഷണം. ഒപ്പം മലത്തില്‍ രക്തത്തിന്റെ അംശം കാണുക, വിശപ്പില്ലായ്മ , ശരീരഭാരം കുറയുക, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, തലച്ചുറ്റല് തുടങ്ങിയവയും രോഗ ലക്ഷണമാകാം.
എട്ട്
അണ്ഡാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ ഒവേറിയന്‍ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്. അടിവയറ്റില്‍ വലിയ മുഴ പോലെ പിണ്ഡം അനുഭവപ്പെടുന്നത് ചിലപ്പോള്‍ അണ്ഡാശയ അര്‍ബുദത്തിന്റെ ലക്ഷണമാകാം. ദഹനപ്രശ്നങ്ങള്‍ മുതല്‍ വിവിധ കാരണങ്ങളുമായി ബന്ധപ്പെട്ട് വയറ്റില്‍ ഗ്യാസ് അനുഭവപ്പെടുന്നത്, എപ്പോഴും വയറ് വീര്‍ത്തിരിക്കുക, വയറിന്റെ വലുപ്പം കൂടുക, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വയറു വേദന, ക്രമം തെറ്റിയ ആര്‍ത്തവം എന്നിവയൊക്കെ അണ്ഡാശയ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാകാം. നടുവേദനയും ഇതിന്റെ ലക്ഷണമായി ഉണ്ടാകാം.
Post Your Comments