തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിദേശയാത്രയ്ക്ക് ഇനിയും കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ 19ന് ആരംഭിക്കേണ്ട ലോക കേരളസഭ മേഖലാ സമ്മേളനം അനിശ്ചിതത്വത്തിലായി. അഞ്ച് മാസത്തിനിടെ ഇതു മൂന്നാം തവണയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര മുടങ്ങുന്നത്.
Read Also: യുവാവ് പാലത്തിൽ നിന്ന് പുഴയിൽ ചാടി മരിച്ചു: സംഭവം കരുവന്നൂരിൽ
മെയ് മാസത്തില്‍ അബുദാബി ഭരണകൂടം സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമത്തിലേക്ക് മുഖ്യമന്ത്രിക്കു ക്ഷണം ലഭിച്ചിരുന്നെങ്കിലും യാത്രയ്ക്ക് കേന്ദ്രം അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പോകാനായില്ല.
യുഎസ് മേഖലാ സമ്മേളനത്തിന് നേരത്തെ കേന്ദ്രാനുമതി വാങ്ങിയ സര്‍ക്കാര്‍, സൗദിയിലേയ്ക്ക് പോകുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ നേരത്തെ കേന്ദ്രത്തെ അറിയിച്ചില്ലെന്നാണ് വിവരം. ഒക്ടോബര്‍ 17ന് സൗദിയിലേക്ക് നിശ്ചയിച്ച യാത്രയ്ക്കായി സെപ്റ്റംബര്‍ 9ന് മാത്രമാണ് സംസ്ഥാനം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് അനുമതി തേടിയത്. സമ്മേളന തിയതി നിശ്ചയിച്ച ശേഷമാണ് കേന്ദ്രവുമായി പ്രാഥമിക ആശയവിനിമയം നടത്തിയത്. ഇതും കേന്ദ്രാനുമതി ലഭിക്കാന്‍ തടസമായെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ജൂണില്‍ ലോക കേരളസഭ മേഖലാ സമ്മേളനത്തിനായി യുഎസ് സന്ദര്‍ശിച്ച മുഖ്യമന്ത്രി, ക്യൂബയും ദുബായിയും സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയെത്തിയത്.
Post Your Comments