
തിരുവനന്തപുരം: മദ്യപിക്കാൻ വിളിച്ചിട്ട് പോകാത്തതിന്റെ പേരിൽ യുവാവിന് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. യുവാവിന്റെ സുഹൃത്തുക്കളായ വെള്ളാർ വാർഡിൽ കൈതവിള ഹരിജൻ കോളനിയിൽ രതീഷ് (39 ), ജിത്തുലാൽ (23 ) എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. വെങ്ങാനൂർ നെല്ലിവിള മേലെ തട്ടുവീട്ടിൽ സുഗതരാജിന്റെ മകൻ സ്വരാജിനെ യാണ്(24) അറസ്റ്റിലായ പ്രതികൾ മർദ്ദിച്ച് പരിക്കേല്പിച്ചത്. സ്വരാജിന് നട്ടെല്ലിനും കാലിനും പൊട്ടലുണ്ടെന്ന് പോലീസ് പറഞ്ഞു.
സുഹൃത്തായ സ്വരാജിനെ പ്രതികൾ മദ്യപിക്കാൻ വിളിച്ചെങ്കിലും വരാത്തത് സംബന്ധിച്ചുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. സംഭവത്തിന് ശേഷം
ഒളിവിൽ പോയ പ്രതികളെ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ എസ് ഷാജിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോവളം എസ്എച്ച്ഒ ബിജോയ്, എസ്ഐ അനീഷ് കുമാർ എ.എസ്.ഐ മുനീർ, സുരേന്ദ്രൻ, സിപിഒ സെൽവൻ, നിതിൻ ബാല, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Post Your Comments