തിരുവനന്തപുരം: വീട്ടിൽ അപകടാവസ്ഥയിൽ നിന്ന മറ്റൊരു മരം മുറിക്കാൻ എത്തിയ സംഘം വീട്ടുകാർ അറിയാതെ 40 വർഷം പഴക്കമുള്ള ചന്ദനമരം മുറിച്ച് കടത്തി. സംഭവത്തിൽ രണ്ടു പേരെ വനം വകുപ്പ് പിടികൂടി.
പട്ടം ആദർശ് നഗർ എഎൻആർഎ 62ൽ പി എസ് സി മുൻ ഡെപ്യൂട്ടി സെക്രട്ടറി റോസമ്മയുടെ വീട്ടിൽ നിന്നാണ് ചന്ദനമരം മുറിച്ചുകടത്തിയത്. പാപ്പനംകോട് സത്യൻ നഗർ നിവാസികളായ പ്രസന്നൻ എന്ന അലോഷ്യസ് തോമസ്, ഗിൽബർട്ട് എന്നിവരാണ് പിടിയിലായത്. വനം വിജിലൻസ് വിഭാഗത്തിലെ ചുള്ളിമാനൂർ ഫ്ലയിങ് സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്. മുറിച്ചുകടത്തിയ ചന്ദന മരക്കഷണങ്ങൾ കണ്ടെത്തി.
ചന്ദനമരം കാണാതായതിനെ തുടർന്ന് ഉടമ നൽകിയ പരാതിയെ തുടർന്നാണ് വനം വിജിലൻസ് വിഭാഗത്തിലെ ചുള്ളിമാനൂർ ഫ്ലയിങ് സ്ക്വാഡ് അന്വേഷണം നടത്തിയത്. ചന്ദനമരം മുറിച്ച് അടുത്ത കോമ്പൗണ്ടിലും പാപ്പനംകോട് സത്യൻ നഗറിൽ ചന്ദ്രന്‍റെ വീട്ടിലും സൂക്ഷിച്ചിരുന്നതായി വിജിലൻസ് കണ്ടെത്തി. ചുള്ളിമാനൂർ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ സന്ദീപ്, പ്രബേഷനറി റേഞ്ച് ഓഫിസർ വിപിൻചന്ദ്രൻ, എസ്എഫ്ഒമാരായ ഷിബു, ഷാജഹാൻ, ബിഎഫ്ഒ നാഗരാജ്, ഡ്രൈവർ റെജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെയും തൊണ്ടിയും പാലോട് റേഞ്ചിന് കൈമാറി.
Post Your Comments