കരുവന്നൂർ ബാങ്കില്‍ ക്രമക്കേട് തുടങ്ങിയത് 2011 മുതലെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍. ക്രമക്കേടിനെ സംബന്ധിച്ച് പരാതി ലഭിച്ചത് 2019ലാണെന്നും 18 കേസുകളാണ് ഇത് സംബന്ധിച്ച് പൊലീസ് രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 73 കോടി രൂപ ഇതുവരെ നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുത്തിട്ടുണ്ട് എന്നാണ് മന്ത്രിയുടെ വാദം.
മാത്രമല്ല വായ്പകള്‍ വീണ്ടും ബാങ്ക് നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഇതിനോടകം തന്നെ 5 കോടിയുടെ വായ്പകള്‍ നല്‍കിയതായും മന്ത്രി വാസവന്‍ പറഞ്ഞു. ഇതിനിടയിലാണ് ഇ ഡി വന്ന് ആധാരങ്ങള്‍ എടുത്തുകൊണ്ട് പോയത്. 162 ആധാരങ്ങളാണ് ഇഡി എടുത്തുകൊണ്ട് പോയെന്നും മന്ത്രി പറഞ്ഞു. നിക്ഷേപകര്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ പണം തിരികെ നല്‍കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വ്യക്തമാക്കി. നിക്ഷേപകരില്‍ ഒരാള്‍ക്കും ഒരുരൂപ പോലും നഷ്ടമാകില്ലെന്നും 50 കോടി രൂപ ബാങ്കിന് ഉടന്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
സാധാരണക്കാരുടെ അമ്പതിനായിരത്തില്‍ താഴെയുള്ള നിക്ഷേപം ഉടന്‍ തിരികെ നല്‍കാന്‍ കഴിയും. ഒരു ലക്ഷത്തിന് മുകളില്‍ നിക്ഷേപമുള്ളവര്‍ക്ക് അമ്പതിനായിരം രൂപയും തിരികെ നല്‍കും. 31-9-2023 വരെ മെച്വര്‍ ആകുന്ന നിക്ഷേപങ്ങളില്‍ 50 ശതമാനം പലിശയും നിക്ഷേപത്തിന്റെ 10 ശതമാനം വിഹിതവും നല്‍കും. ഇതിനുപുറമേ ആശുപത്രി, വിവാഹം എന്നീ അത്യാവശ്യ കാര്യങ്ങള്‍ക്ക് നിക്ഷേപകരെ സഹായിക്കാന്‍ കോടതി അനുമതിയോടെ പണം നല്‍കാന്‍ ഇടപെടല്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments