തിരുവനന്തപുരം: നവകേരള നിർമിതിയുടെ ഭാഗമായി ഇതിനകം സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാർ നവംബർ 18 മുതൽ ഡിസംബർ 24 വരെ മണ്ഡലങ്ങളിലും ഔദ്യോഗിക പര്യടനം നടത്തും. സമസ്ത മേഖലയിലെയും പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും, മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസും നടക്കുന്നതാണ്.
നവംബർ 18നു കാസർഗോഡ് നിന്നാണ് നിന്നാണ് പരിപാടി ആരംഭിക്കുന്നത്. പരിപാടിയെ സംബന്ധിച്ചു പൊതുഭരണ വകുപ്പ് മാർഗരേഖ പുറപ്പെടുവിച്ചു. പരിപാടിയുടെ സംസ്ഥാനതല കോ-ഓർഡിനേറ്റർ പാർലമെന്ററികാര്യ മന്ത്രി ആയിരിക്കും. ജില്ലകളിൽ പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള ചുമതല അതത് ജില്ലകളിലെ മന്ത്രിമാർക്കും മന്ത്രിമാർ ഇല്ലാത്ത ജില്ലകളുടെ ചുമതല ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർക്കുമായിരിക്കും. ജില്ലകളിൽ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള ചുമതല ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്കായിരിക്കും.
ഓരോ മണ്ഡലത്തിലും എംഎൽഎമാർ പരിപാടിക്കു നേതൃത്വം വഹിക്കണം. സെപ്തംബർ മാസത്തിൽ മണ്ഡലാടിസ്ഥാനത്തിൽ സംഘാടകസമിതി രൂപീകരിക്കണം. പരിപാടി വിജയിപ്പിക്കുന്നതിന് ജനപ്രതിനിധികളും സഹകരണ സ്ഥാപനങ്ങളും തൊഴിലാളികളും കൃഷിക്കാരും കർഷക തൊഴിലാളികളും മഹിളകളും യുവജനങ്ങളും വിദ്യാർഥികളും മുതിർന്ന പൗരന്മാരും അടങ്ങുന്ന മണ്ഡലം ബഹുജന സദസുകൾ ആസൂത്രണം ചെയ്യണമെന്ന് ഇത് സംബന്ധിച്ച മാർഗരേഖയിൽ നിർദേശിച്ചു. മണ്ഡലം സദസിനോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിക്കണം. ഇതിനാവശ്യമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണം. മണ്ഡലം സദസിൽ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികൾ, വെറ്ററൻസ്, വിവിധ മേഖലകളിലെ പ്രമുഖർ, മഹിള-യുവജന-വിദ്യാർഥി വിഭാഗത്തിൽനിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർ, കോളജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി – പട്ടികവർഗ വിഭാഗത്തിലെ പ്രതിഭകൾ, കലാകാരൻമാർ, സെലിബ്രിറ്റികൾ, വിവിധ അവാർഡ് നേടിയവർ, തെയ്യം കലാകാരൻമാർ, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കൾ, മുതിർന്ന പൗരൻമാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ (വ്യാപാരി, ചേംബർ ഓഫ് കൊമേഴ്‌സ്, ബിസിനസ് അസോസിയേഷൻ, കലാ – സാംസ്‌കാരിക സംഘടനകൾ മുതലായവ), ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പടങ്കെടുക്കും. നവംബർ 8 ശനി 3.30 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കും.
Post Your Comments