Latest NewsKeralaNews

മക്കൾ ഇല്ലായിരുന്നുവെങ്കിൽ ആത്മഹത്യ ചെയ്തേനെ, ഇൻസ്റ്റഗ്രാമിൽ ഫോട്ടോസ് ഇടുന്നത് എന്റെ വേദന മാറ്റാനാണ്’; സുധിയുടെ ഭാര്യ

മലയാളത്തിന്റെ പ്രിയ താരം കൊല്ലം സുധി വിടപറഞ്ഞിട്ട് മൂന്ന് മാസങ്ങൾ കഴിഞ്ഞു. അപ്രതീക്ഷിതമായ വേർപാടിൽ ജീവിതം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. സുധിയുടെ മരണ ശേഷം രേണുവിനെതിരെ വിമർശനങ്ങളും മോശം കമന്റുകളും വന്നിരുന്നു. ഭർത്താവിന്റെ മരണ ശേഷം റീൽസ് ചെയ്യുന്നു, ഇൻസ്റ്റഗ്രാമിൽ ഫോട്ടോസ് ഇടുന്നു എന്നൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങൾ. ഇവയ്ക്ക് മറുപടിയുമായി രേണു നേരത്തെ തന്നെ രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇത്തരം കമന്റുകളെ കുറിച്ചും നിലവിലെ ജീവിത സാഹചര്യങ്ങളെ പറ്റിയും രേണു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തന്റെ വിഷമങ്ങളും വേദനകളും മറക്കാനാണ് ഇൻസ്റ്റഗ്രാമിൽ ഫോട്ടോസ് ഇടുന്നതെന്ന് രേണു പറയുന്നു. നെ​ഗറ്റീവ് കമന്റുകളോട് ഒന്നും പറയാനില്ലെന്നും പറയുന്നവർ പറഞ്ഞോട്ടെ എന്നും രേണു പറഞ്ഞു. വെറൈറ്റി മീഡിയയോട് ആയിരുന്നു രേണുവിന്റെ പ്രതികരണം.

‘ഇത്രയും സ്നേഹനിധിയായിട്ടുള്ള എന്റെ ഭർത്താവ് മരിച്ചു പോയി. കുഞ്ഞുങ്ങൾക്ക് വേണ്ടി ഞാനത് അക്സപ്റ്റ് ചെയ്തില്ലെങ്കിൽ എനിക്ക് ചിലപ്പോൾ ഭ്രാന്തായി പോകുമായിരുന്നിരിക്കാം. സത്യം പറഞ്ഞാൽ ആത്മഹത്യ ചെയ്യേണ്ടൊരു അവസ്ഥ പോലും വരുമായിരിക്കും. സുധി ചേട്ടന്റെ പ്രതിരൂപമായിട്ടാണ് ഞാൻ മക്കളെ കാണുന്നത്. ഏട്ടൻ പോയി എങ്കിലും ഏട്ടൻ എന്റെ കൂടെ ഉണ്ട്. അദ്ദേഹം മരിക്കുന്നതിന് കുറച്ച് നാൾ മുന്നെയാണ് ഞാൻ ഇൻസ്റ്റാ​ഗ്രാം തുടങ്ങുന്നതും. റീൽസ് ചെയ്യുന്നതും. അതും സുധി ഏട്ടൻ പറഞ്ഞതു കൊണ്ട്. നെ​ഗറ്റീവ് കമന്റുകളോട് ഞാൻ ഒന്നും പറയുന്നില്ല. കാരണം പറയുന്നവർ പറഞ്ഞോട്ടെ. ഈ അവസ്ഥ വരുന്നവർക്കേ അത് മനസിലാകൂ. ഏട്ടനെ സ്നേഹിക്കുന്നവർ നമ്മുടെ കൂടെ ഉള്ളപ്പോൾ യാതൊരുവിധ പ്രശ്നവും ഇല്ല. നമ്മളെ മനസിലാക്കുന്ന കുറച്ചു പേര് മതി.

അവൾ അങ്ങനെ പോകുന്നു ഇങ്ങനെ പോകുന്നു എന്നൊക്കെ പറയാം. വിധവ സർട്ടിഫിക്കറ്റ്, ജോലിയുടെ കാര്യങ്ങൾ ഇതിനൊക്കെ ആകും ഞാൻ പോകുന്നത്. നമ്മളുടെ ആവശ്യങ്ങൾക്ക് നമ്മളല്ലേ ഓടാൻ ഉള്ളൂ. ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ ചെയ്യുന്ന കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്നെ ഇങ്ങനെ ഒന്നും വിടത്തില്ലായിരുന്നു. സുധി ചേട്ടൻ മരിച്ച സമയത്ത് ഒരുപാട് പേര് ഞങ്ങളെ സഹായിച്ചിരുന്നു. അദ്ദേഹത്തെ സ്നേഹിക്കുന്നവർ ഇപ്പോഴും ചെറിയ ചെറിയ സഹായങ്ങൾ ചെയ്യുന്നുണ്ട്. അരിയും കാര്യങ്ങളുമൊക്കെ റേഷൻ കടയിൽ നിന്നും കിട്ടും. എനിക്കിപ്പോൾ ഒരു ജോലിയാണ് ആവശ്യം. എപ്പോഴും എല്ലാവരും സഹായിക്കണമെന്നില്ലല്ലോ. പുറത്ത് പറയാൻ പറ്റാത്ത ബുദ്ധിമുട്ടുകളൊക്കെ ഉണ്ട്. ജോലി ആവശ്യമാണ്’, രേണു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button