കൊച്ചി: മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കടമക്കുടിയിലെ ദമ്പതികളുടെ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഓൺലൈൻ ആപ്പ് വായ്പ സംഘം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു കുടുംബത്തിന്റെ ആത്മഹത്യ. മരണ ശേഷവും ഓൺലൈൻ ആപ്പ് വായ്പ്പ സംഘം ഭീഷണി തുടരുകയാണ്. മോർഫ് ചെയ്ത അശ്ലീല ഫോട്ടോ അയച്ച് ആണ് ഇവരുടെ ഭീഷണി. മരിച്ച നിജോയുടെ ഭാര്യയുടെ മോർഫ് ചെയ്ത ഫോട്ടോകളാണ് ബന്ധുക്കൾക്ക് അയച്ചത്.
ഇന്ന് രാവിലെയും ബന്ധുക്കളുടെ ഫോണുകളിൽ ഫോട്ടോകളെത്തിയെന്ന് ബന്ധുക്കൾ പറഞ്ഞു. കൂട്ട ആത്മഹത്യയിൽ ഓൺലൈൻ ആപ്പിനെതിരെ വരാപ്പുഴ പൊലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാൽ ഭീഷണി ഇപ്പോഴും തുടരുകയാണെന്ന് സഹോദരൻ ടിജോ പറഞ്ഞു. ശ്രീലങ്കയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ നിന്നാണ് കോള്‍ വരുന്നത്. ലിജോയുടെയും ഭാര്യയുടെയും ഫോണ്‍ പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
എണാകുളം ജില്ലയിലെ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കടമക്കുടി മാടശ്ശേരി വീട്ടില്‍ നിജോ, ഭാര്യ ശില്‍പ, മക്കളായ ഏഴ് വയസുകാരന്‍ എബല്‍, അഞ്ച് വയസുകാരന്‍ ആരോണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് വീടിന് മുകളിലത്തെ മുറിയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസമാണ് ആത്മഹത്യയിലേക്ക് എത്തിയതെന്നായിരുന്നു ആദ്യം ലഭിച്ച വിവരം.
ഇതോടെ കടബാധ്യതയും സാമ്പത്തിക പ്രശ്നങ്ങളുമാണ് ആത്മഹത്യക്ക് കാരണം എന്ന നിഗമനത്തിലായിരുന്നു പൊലീസ്. അതിനിടെയാണ് മരിച്ച യുവതി ഓൺലൈൻ ആപ്പ് വഴി എടുത്ത വായ്പ തിരിച്ചടച്ചിട്ടില്ല എന്ന് ആരോപിച്ച് ഭീഷണി സന്ദേശങ്ങൾ ലഭിച്ച വിവരം അറിയുന്നത്. യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങളും ലോൺ അടക്കാൻ സമ്മർദ്ദം ചെലുത്തുന്ന തരത്തിൽ ഓഡിയോ സന്ദേശങ്ങളും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകളിൽ എത്തി. സാമ്പത്തിക പ്രശ്നങ്ങൾക്ക് പുറമെ ചിത്രങ്ങൾ പ്രചരിച്ചതായി അറിഞ്ഞതോടും കൂടിയാണ് യുവതിയും ഭർത്താവും കടുംകൈക്ക് മുതിർന്നത്.
ഓൺലൈൻ വായ്പാ ആപ്പിൽ നിന്ന് ശില്പ ഒൻപതിനായിരം രൂപയാണ് എടുത്തിരുന്നത്. ഇത് പലിശയടക്കം വലിയൊരു തുകയായി തിരികെ നൽകാനായിരുന്നു സംഘത്തിന്റെ ഭീഷണി. ഡിസൈന്‍ ജോലിക്കാരനായ നിജോയെ ജോലിക്ക് വിളിക്കാനായി അയല്‍വാസി തമ്പി രാവിലെ വീട്ടുമുറ്റത്തെത്തി നിജോയെ വിളിച്ചെങ്കിലും കേട്ടില്ല. പിന്നാലെ താഴത്തെ നിലയില്‍ താമസിക്കുന്ന നിജോയുടെ അമ്മയുടെ സഹായത്തോടെ വിളിച്ചു. ഒടുവില്‍ മുകളിലെത്തി മുറിയുടെ വാതില്‍ തള്ളി തുറന്നപ്പോഴാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
Post Your Comments