തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി വീണ്ടും ജയിലിലായി. കാപ്പ ചുമത്തിയാണ് ആകാശ് തില്ലങ്കേരിയെ ജയിലിലടച്ചത്. വിയ്യൂർ ജയിലിൽ ജയിലറെ മർദ്ദിച്ച കേസിലാണ് നടപടി. മുഴക്കുന്ന് പോലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആകാശിന്റെ കുട്ടിയുടെ പേരിടൽ ചടങ്ങിനിടെയാണ് കസ്റ്റഡിയിലെടുത്തത്.
Read Also: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിലർ! വിദേശ രാജ്യങ്ങളിൽ നിന്ന് നിക്ഷേപ സാധ്യതകൾ തേടി റിലയൻസ്
ചടങ്ങിനെത്തിയ ആകാശിന്റെ ഭാര്യയുടെ ബന്ധുക്കളെ യാത്രയാക്കാനായി വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ സമയത്തായിരുന്നു മഫ്തിയിലെത്തിയ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, ആകാശിനെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് ആകാശിന്റെ ഭാര്യയും കുട്ടിയും അച്ഛനും ഉൾപ്പെടെയുള്ള ബന്ധുക്കളും സുഹൃത്തുക്കളും സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി ബഹളം വെച്ചിരുന്നു. ഇതോടെ മേഖലയിലെ മറ്റ് സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പോലീസ് സംഘവും സ്ഥലത്തെത്തി. പ്രവേശനകവാടം പോലീസ് ഉള്ളിൽ നിന്ന് പൂട്ടി. പേരാവൂർ ഡിവൈ.എസ്.പി. എ.വി.ജോണിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ആകാശിന്റെ അച്ഛൻ വഞ്ഞേരി രവിയുമായും പോലീസ് സംസാരിച്ചു.
രവി സംസാരിച്ചതോടെ സ്‌റ്റേഷന് മുന്നിൽ തടിച്ചുകൂടിയ സുഹൃത്തുക്കൾ പിൻവലിഞ്ഞു. വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം സ്റ്റേഷനുള്ളിൽ വെച്ച് ഭാര്യക്കും കുട്ടിക്കുമൊപ്പം കഴിക്കാൻ ആകാശ് തില്ലങ്കേരിയ്ക്ക് പോലീസ് അവസരം ഒരുക്കി നൽകിയിരുന്നു. ഇതിന് ശേഷമാണ് ആകാശിനെ ജയിലിലേക്ക് മാറ്റിയത്.
Post Your Comments