റാബത്ത്: മൊറോക്കോയിലുണ്ടായ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം രണ്ടായിരം കടന്നു. ഇത് വരെ ലഭിച്ച വിവരം അനുസരിച്ച് 2021 പേർ മരിച്ചെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. രണ്ടായിരത്തിലേറെ പേർ പരിക്കുകളോടെ ചികിത്സയിലാണ്. 1,500 ഓളം പേർ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. ഇനിയും നിരവധി പേരാണ് കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നത്.
രക്ഷാപ്രവർത്തകരും ആശാവഹമായ വിവരങ്ങൾ അല്ല ദുരന്തമുഖത്ത് നിന്ന് കൈമാറുന്നത്. രാജ്യത്ത് ആറുപതിറ്റാണ്ടിലിടെ ഉണ്ടാവുന്ന ശക്തമായ ഭൂചനലമാണിത്. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അറ്റ്ലസ് പർവ്വതനിരകളാണെന്നാണ് വിവരം.
അതേസമയം, മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. തന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
‘മൊറോക്കോയിലെ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ അങ്ങേയറ്റം വേദനയുണ്ട്. ഈ ദുരന്ത മണിക്കൂറിൽ, എന്റെ ചിന്തകൾ മൊറോക്കോയിലെ ജനങ്ങൾക്കൊപ്പമാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഈ ദുഷ്‌കരമായ സമയത്ത് മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണ് ‘- പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.
Post Your Comments