
കോഴിക്കോട്: ഫ്ലൈറ്റ് ടിക്കറ്റ് ബുക്കുചെയ്ത് വ്യാജ പേമെന്റ് സ്ലിപ് അയച്ചുകൊടുത്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് കേന്ദ്രമായ ട്രാവൽ ഏജൻസി മുഖാന്തരം ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത് 2,21,200 രൂപയാണ് പ്രതി തട്ടിയത്. സംഭവത്തില്‍ കേസിൽ തമിഴ്നാട് പളനി സ്വദേശിയായ കാർത്തിക് പങ്കജാക്ഷൻ (29) നെയാണ് സൈബർ ക്രൈം പോലീസ് അറസ്റ്റുചെയ്തത്.
പരാതിക്കാരനെ ബന്ധപ്പെട്ട ഫോൺ നമ്പർ, പ്രതി ഉപയോഗിച്ച ബാങ്ക് അക്കൗണ്ട്, സാമൂഹികമാധ്യമങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾ സമാനരീതിയിൽ പല ട്രാവൽ ഏജൻസികളിനിന്നും തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
നേരത്തേ ഇയാളെ കണ്ണൂരിലെ കേസിൽ അറസ്റ്റുചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട്ടെ കേസിലും ഇയാൾ തന്നെയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്.
ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന എജന്റ് എന്ന വ്യാജേന യാത്രക്കാരിൽനിന്ന് പണം വാങ്ങി ട്രാവൽ ഏജൻസികളിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത്, ടിക്കറ്റിന്റെ പണം ബാങ്ക് വഴി ട്രാൻസ്ഫർ ചെയ്തുവെന്ന് വ്യാജരസീത് നിർമിച്ച് ട്രാവൽ ഏജൻസികൾക്ക് ഓൺലൈൻ വഴി അയച്ചുകൊടുത്ത് തട്ടിപ്പ് നടത്തുകയാണ് ഇയാളുടെ രീതി.
കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേഷ് കോറോത്തിന്റെ നേതൃത്വത്തിൽ എഎസ്ഐ വിനോദ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ ബീരജ്, ടിഎ ലിജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Post Your Comments