രാവിലെ എഴുന്നേൽക്കുന്നത് പലർക്കും ഒരു ബുദ്ധിമുട്ടാണ്. സുപ്രഭാതത്തിൽ എഴുന്നേറ്റാൽ അന്നത്തെ ദിവസം ഉന്മേഷം ഉണ്ടാകും. നല്ല ശീലങ്ങൾ വളർത്തിയെടുക്കേണ്ടത് പ്രധാനമാണ്. അതിരാവിലെ എഴുന്നേൽക്കുക എന്ന് പറയുന്നത് പോലെ തന്നെ രാവിലെ എഴുന്നേറ്റാൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ കൂടിയുണ്ട്. നിങ്ങളുടെ മാനസികാവസ്ഥയെ നശിപ്പിക്കുന്ന, നിങ്ങളുടെ ഊർജം കെടുത്തുന്ന, അല്ലെങ്കിൽ നിങ്ങളെ ഉൽപ്പാദനക്ഷമത കുറയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. ഈ ശീലങ്ങൾ ഒഴിവാക്കാൻ നിങ്ങൾ പരമാവധി ശ്രമിച്ചാൽ, ബാക്കിയുള്ള ദിവസങ്ങൾ മനോഹരമാക്കാം.
മൊബൈൽ ഫോൺ
ഉണർന്ന ഉടൻ തന്നെ മൊബൈൽ ഫോൺ പരിശോധിക്കുന്നത് അത്ര നല്ലതല്ല. സോഷ്യൽ മീഡിയയിൽ നിന്നും കാണുന്ന വാർത്തകൾ, സംഭവങ്ങൾ എല്ലാം അന്നത്തെ നിങ്ങളുടെ ജീവിതത്തെ ബാധിക്കും. ഓർക്കുക, നിങ്ങൾ ശാന്തമായ ഉറക്കത്തിൽ നിന്നാണ് വരുന്നത്. മോശമായ സംഭവങ്ങളും വാർത്തകളുമാണ് കാണുന്നതെങ്കിൽ അത് നിങ്ങളെ സമ്മർദ്ദത്തിലാക്കാൻ സാധ്യതയുണ്ട്. അതിനാൽ ഫോൺ പരമാവധി ഉപയോഗിക്കാതിരിക്കുക.
കാപ്പി കുടിക്കുന്നത്
ഉറങ്ങി എഴുന്നേറ്റ് ഉടൻ കാപ്പി കുടിക്കുന്ന ശീലമുള്ളവർ ഉണ്ടാകും. ബെഡ് കോഫി ശീലമാക്കിയവരാണ് പലരും. എന്നാൽ, ഇത് നിങ്ങളുടെ നല്ല നാളേയ്ക്ക് അത്ര ഗുണം ചെയ്യില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. രാവിലെ ഒരു കപ്പ് കാപ്പി കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക കോർട്ടിസോൾ മോണിറ്ററിംഗ് സിസ്റ്റത്തെ ആശയക്കുഴപ്പത്തിലാക്കും. കാപ്പി കുടിക്കാൻ പറ്റിയ സമയം പത്ത് മണിക്ക് ശേഷമാണ്.
ഉറക്കം ഉണരുന്ന നിമിഷം തന്നെ ബെഡിൽ നിന്നും എഴുന്നേൽക്കുന്നത്
ഉറക്കം വിട്ടുകഴിഞ്ഞാൽ ചിലർ അപ്പോൾ തന്നെ ചാടി എഴുന്നേൽക്കാറുണ്ട്. ഇത് നല്ലതല്ല. ഉറക്കം പോയെങ്കിലും കുറച്ച് നേരം കൂടി ബെഡിൽ തന്നെ കിടക്കുന്നതാണ് ഉത്തമം. അന്നത്തെ ദിവസം ആരോഗ്യത്തോടെയിരിക്കാൻ നല്ല ഉറക്കവും, ആവശ്യമായ വിശ്രമവും നിങ്ങളെ സഹായിക്കും.
ടി.വി
ഉറക്കം എഴുന്നേറ്റ് കഴിഞ്ഞാൽ ടി.വി കാണാൻ പോകുന്നവരുണ്ട്. ടി.വി ഓണാക്കി അതിന്റെ മുന്നിലിരുന്ന് സമയം കളയുന്നവരും കുറവല്ല. ഒരു രാത്രി ഉറക്കത്തിന് ശേഷം ദിവസം ആരംഭിക്കാനുള്ള ആരോഗ്യകരമായ മാർഗമല്ല ടി.വി കാണുന്നത്. രാവിലെ ശാന്തമായ സമയം ആസ്വദിക്കാനും ദിവസം ആരംഭിക്കുന്നതിന് മുമ്പ് കഴിയുന്നത്ര സമയം ശാന്തതയോടെ ഇരിക്കാനും നിങ്ങൾ ശ്രദ്ധിക്കണം.
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത്
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് സമയം ലാഭിക്കുന്നതായി തോന്നിയേക്കാം, എന്നാൽ ഇത് യഥാർത്ഥത്തിൽ നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമാണ്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അഭിപ്രായത്തിൽ, പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. പ്രഭാതഭക്ഷണം നിങ്ങളുടെ ശരീരത്തിന് ദിവസം ആരംഭിക്കാൻ ആവശ്യമായ ഊർജ്ജം നൽകുന്ന ഒരു പ്രധാന ഭക്ഷണമാണ്.
Post Your Comments