താമരശ്ശേരി: താമരശ്ശേരിയില്‍ ലഹരി മാഫിയയുടെ വിളയാട്ടം. പ്രവാസിയുടെ വീടും കാറും തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവം അറിഞ്ഞെത്തിയ യുവാവിന് വെട്ടേറ്റു. സ്ഥലത്തെത്തിയ താമരശ്ശേരി പോലീസിന്റെ ജീപ്പിന്റെ ചില്ലും സംഘം തകർത്തു.
താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയിൽ മൻസൂറിന്റെ (38) വീടാണ് ലഹരി മാഫിയാ സംഘം തകർത്തത്. താമരശ്ശേരി അമ്പലമുക്ക് സ്വദേശി ഇർഷാദിനാണ് വെട്ടേറ്റത്.
മൻസൂറിന്റെ വീടിനോട് ചേർന്ന് അയൂബ് എന്ന ആൾ തന്റെ സ്ഥലത്ത് ടെന്റ് കെട്ടി മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുന്നു എന്ന് മൻസൂർ താമരശ്ശേരി പോലീസിൽ പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതി നല്‍കിയതിന് പിന്നാലെ വൈകുന്നേരം അയൂബിന്റെ കൂട്ടാളികളായ കണ്ണൻ, ഫിറോസ് എന്നിവർ വടിവാളുമായി മൻസൂറിന്റെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന മൻസൂർ, ഭാര്യ റിസ്വാന, മക്കളായ ഫാത്തിമ ജുമാന, യഹിയ, ആയിഷ നൂറ, അമീന എന്നിവരെയാണ് സംഘം ഭീഷണിപ്പെടുത്തിയത്. വീട്ടുകാർ വാതിലടച്ച് അകത്ത് കയറി രക്ഷപ്പെടുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകളും സിസിടിവി ക്യാമറയും വാഹനവും സംഘം അടിച്ച് തകർത്തു. നാട്ടുകാരും പോലീസും സ്ഥലത്തെത്തിയെങ്കിലും സംഘം ഭീഷണി തുടർന്നു.
സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Post Your Comments