ഇന്ത്യയുടെ ആദ്യത്തെ സൂര്യപര്യവേഷണ ദൗത്യമായ ആദിത്യ എൽ 1 നാളെ കുതിച്ചുയരും. പി.എസ്.എൽ.വി എക്സ്- 57 എന്ന പേടകമാണ് സൂര്യനെ ലക്ഷ്യമാക്കി കുതിച്ചുയരുക. നിലവിൽ, വിക്ഷേപണത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. റോക്കറ്റും സാറ്റലൈറ്റും സജ്ജമായതിനാൽ ഇന്ന് മുതൽ കൗണ്ട് ഡൗൺ ആരംഭിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും നാളെ രാവിലെ 11:50-നാണ് ആദിത്യ എൽ 1 വിക്ഷേപിക്കുക.
ഭൂമിയുടെ 800 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിൽ ആദിത്യയെ എത്തിക്കുന്നതാണ്. അവിടെ നിന്ന് സൂര്യന് നേരെ 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലെഗ്രാജിയൻ പോയിന്റ് ലക്ഷ്യമാക്കി ആദിത്യ സ്വയം പ്രയാണം ആരംഭിക്കും. 1500 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം. ഏകദേശം 4 മാസത്തോളം യാത്ര ചെയ്ത് ഈ വർഷം ഡിസംബറിലോ, അടുത്ത വർഷം ജനുവരിയിലോ ആദിത്യ ലക്ഷ്യസ്ഥാനത്ത് എത്തുന്നതാണ്.
ലെഗ്രാജിയൻ പോയിന്റിന്റെ ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിലാണ് ആദിത്യ എത്തേണ്ടത്. അവിടെ നിന്നാണ് സൂര്യനെ വലം വയ്ക്കുക. സൂര്യനെ നിരീക്ഷിക്കാൻ 7 ഉപകരണങ്ങളാണ് ആദിത്യയിൽ ഘടിപ്പിച്ചിരിക്കുന്നത്. ആദിത്യ ഒരിക്കലും ഭൂമിയുടെയോ ചന്ദ്രന്റെയോ നിഴലിലേക്ക് വരാത്തതിനാൽ, വർഷം മുഴുവൻ രാപ്പകലില്ലാതെ സൂര്യനെ നിരീക്ഷിക്കാൻ കഴിയുന്നതാണ്.
Post Your Comments