Latest NewsIndia

തൃപ്ത ത്യാഗി എന്ന തുരുമ്പിച്ച ആ കത്തികൊണ്ട് രാജ്യത്തെ മുറിപ്പെടുത്താം എന്നത് വ്യാമോഹമാണ്: രൂക്ഷ വിമർശനവുമായി ആര്യാ ലാൽ

ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ഏഴു വയസ്സുകാരനെ അദ്ധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിപ്പിച്ച സംഭവം രാജ്യത്തിനെതിരെ ആയുധമാക്കുന്നതിനും വർഗീയവത്ക്കരിക്കുന്നതിനുമെതിരെ കുറിപ്പുമായി ആര്യാ ലാൽ . ഇത്തരം ചില സംഭവങ്ങളെ പർവ്വതീകരിച്ചു രാജ്യത്തിനെതിരെ ചില ശക്തികൾ പ്രവർത്തിക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ ‘മതം മാറാൻ പറഞ്ഞ് കൂട്ടുകാരനോട് കുരിശു പൊട്ടിച്ചു കളയാൻ ഉപദേശിക്കണം’ എന്നു പറയുന്ന സ്‌കൂളിന്റെ ക്ലാസ് റൂമുകൾ പോലെ അപകടകരമാണ് ‘തൃപ്ത ത്യാഗി’യുടെ ക്ലാസ് മുറിയും എന്ന് ആര്യാലാൽ കുറിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

#തുരുമ്പിച്ച_വ്യാമോഹങ്ങൾ
രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ ‘മതം മാറാൻ കൂട്ടുകാരനോട് കുരിശു പൊട്ടിച്ചു കളയാൻ ഉപദേശിക്കണം’ എന്നു പറയുന്ന സ്കൂളിന്റെ ക്ലാസ് റൂമുകൾ പോലെ അപകടകരമാണ് ‘തൃപ്ത ത്യാഗി’യുടെ ക്ലാസ് മുറിയും. “ഇതൊക്കെ രണ്ടാം ക്ലാസിലേ പഠിപ്പിക്കാമോ?” എന്ന അവതാരകന്റെ ചോദ്യത്തിന് ഒരു ‘പണ്ഡിതൻ’ “ഞങ്ങളിത് ഒന്നാം ക്ലാസിലേ പഠിപ്പിക്കും” എന്നു പറഞ്ഞത് കേട്ട് കേരളവും ഇന്ത്യയും ഞെട്ടുകയും തലകുനിക്കുകയും ചെയ്യാഞ്ഞതിന്റെ കൂടിപ്പേരാണ് മതേതരത്വം. മതം തൊട്ടാലറയ്ക്കുന്ന ഒരു വൃത്തികേടായി മാറുന്നത് അത് ക്ലാസ്റൂമിൽ കുട്ടികളുടെ ഇടയിൽ കയറിയിരിക്കുമ്പോഴാണ് .

ഗണിതം പഠിക്കാൻ മറക്കുന്നതിൽ മുഖത്തടിപ്പിക്കുന്ന അധ്യാപിക ഒരു തെറ്റാണ് എന്നു പറയാൻ , മകനെ കൊണ്ട് കൂട്ടുകാരന്റെ ഇരിപ്പിടം തുടപ്പിക്കുന്ന ചാക്കോ മാഷിന്റെ ഉദാഹരണം മതി. ഗണിത ശോഷണത്തിന് വംശീയമായി നടത്തിയ അധിക്ഷേപമുണ്ടെങ്കിൽ അതാണ് ആ ക്ലാസ് മുറിയെ പീസ് സ്കൂളിന്റെ രണ്ടാം ക്ലാസിനോളം തരം താഴ്ത്തിയത്. ഒട്ടും അനുകരണീയമല്ലാത്ത അപകടമാക്കുന്നത്.

പീസ് സ്കൂൾ കാണാതെ പോകുകയും ‘തൃപ്ത’ മാത്രം എഴുന്നു നിൽക്കുകയും ചെയ്യുന്ന ‘ഒറ്റ കണ്ണിന്റെ കാഴ്ച’കൾക്കുമുണ്ടു കുഴപ്പം . തല്ലുകൊള്ളാൻ കുട്ടിയുടെ മതം കാരണമായി എന്ന ആക്ഷേപം പോലെ സത്യമാണ് തൃപ്ത ത്യാഗിയുടെ പിഴ ചിലർക്ക് രാജ്യത്തിന്റെ പഴിയായി മാറാൻ അവരുടെ മതവും കാരണമായി എന്നത്. കണ്ണടച്ചാൽ ഇരുട്ടാവുന്നത് ഉള്ളിൽ മാത്രമാണ്. ആ ഇരുട്ട് കൊണ്ട് വെളിച്ചത്തിന്റെ ചെറിയ ഓട്ടകൾ പോലും അടയ്ക്കാൻ കഴിയില്ല.
അനാശാസ്യമാണ് ആ സ്ത്രീയുടെ പ്രവൃത്തി. സ്ത്രീ വധം നിന്ദ്യമാണ് എന്നേ പുരാണങ്ങൾ പോലും പറയുന്നുള്ളൂ.

മൂക്കും മുലയും ഛേദിക്കപ്പെട്ട ശൂർപ്പണഖമാരുണ്ടാവുന്നത് അങ്ങനെയാണ്. ഒഴിവാക്കാനാവാത്തിടങ്ങളിൽ വധവും മികച്ച ശിക്ഷയാണ് എന്നാണ് താടക എന്ന രാക്ഷസി നമ്മെ പഠിപ്പിക്കുന്നത്. ‘തൃപ്ത’ താടകയാണോ ശൂർപ്പണയാണോ എന്ന് രാജ്യത്തെ നിയമമാണ് തീരുമാനിക്കേണ്ടത്.
നിന്ദകരുടെ വായ്ത്താളങ്ങൾക്കൊത്തല്ല ഈ രാജ്യത്തിന്റെ ഹൃദയത്തുടിപ്പ് എന്നതിന്റെ ശുഭസൂചനയാണ് മതത്തിന്റെ കളങ്ങളിൽ കയറിനിന്ന് തൃപ്തയെ ന്യായീകരിക്കാനും നൊമ്പരപ്പെട്ട ഒരു കുരുന്നു ഹൃദയത്തെ വീണ്ടും നോവിക്കാനും ആരും മുതിരാതിരിക്കുന്നത്.

ഹൃദയം മുറിപ്പെട്ട ആ കുട്ടിയോട് ചേർന്ന് നിന്ന് അതിനെ സുഖപ്പെടുത്തുകയാണ് പരിഹാരത്തിന്റെ ഒരുവശം. രണ്ടാമത്തേതാകട്ടെ തെറ്റുകാരിക്കുള്ള നിയമ ശിക്ഷയും. രാജ്യത്തിനുള്ള പഴിക്ക് ഇതിനിടയിൽ എവിടെയും സ്ഥാനമില്ല.

‘പഞ്ചമി’മാർക്ക് പഠിത്തവും ഇരിപ്പിടവും നിഷേധിച്ച് പള്ളിക്കൂടങ്ങൾ കത്തിച്ചപ്പോൾ എരിഞ്ഞ തീയിലും വലിയ പ്രതിഷേധത്തീയിൽ സ്വയം ശുദ്ധീകരിച്ച് മുന്നോട്ട് പോയി ഒരു ‘പഞ്ചമി’യെ രാജ്യത്തിന്റെ സിംഹാസത്തിലിരുത്തിയ രാജ്യമാണിത്. ഇവിടെ തെറ്റുകൾ പശ്ചാത്താപങ്ങൾക്കും പ്രായശ്ചിത്തങ്ങൾക്കും വഴിപ്പെട്ട് ശരികളായി മാറുക തന്നെ ചെയ്യും. ഭാഗ്യവശാൽ തിരുത്തൽ വിലക്കുന്ന കിത്താബല്ല രാജ്യത്തിന്റെ ഭരണ ഘടന.മുന്നോട്ടുള്ള പോക്കും ശുഭപ്രതീക്ഷയും തടയാൻ ഒരു വൃത്തികെട്ട നാക്കിനും കെല്പില്ല.

‘തൃപ്ത’ ഒരു കുട്ടിയുടെ കവിളിൽ മറ്റു കുട്ടികളെ കൊണ്ടടിപ്പിക്കുന്ന തെറ്റായ മാതൃകയാണെങ്കിൽ ഒരു സമൂഹത്തെയാകെ വിഷജീവികളാക്കുന്ന സിലബസുള്ള ക്ലാസ് റൂമുകൾ എന്തു മാതൃകകളാണ് മുന്നോട്ട് വയ്ക്കുന്നത്. അതിനെതിരെ ഉയരേണ്ട നാവുകൾക്ക് തളർവാതം പിടിപെട്ടതിന്റെ മറു മരുന്നാണ് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ജനങ്ങളുടെ ഹൃദയം ചൂണ്ടുവിരൽ കൊണ്ട് അടയാളപ്പെടുത്തുന്നത്.
‘മൂക്കിനും മുലയ്ക്കുമർഹതയില്ലാത്ത ഒരുവൾ’ എന്നതിനപ്പുറം ‘തൃപ്ത’ രാജ്യത്തിനാരുമല്ല. തുരുമ്പിച്ച ആ കത്തികൊണ്ട് രാജ്യത്തെ മുറിപ്പെടുത്താം എന്നത് വ്യാമോഹമാണ്!
NB: ക്ഷോഭിക്കുന്നവരോട്…മതത്തിന്റെ പേരിൽ രാജ്യത്തെ മുറിച്ചയാളുടെ പേര് ഇപ്പോഴും ‘മുസ്ലീം ലീഗ്’ എന്നു തന്നെയാണ്!

 

shortlink

Related Articles

Post Your Comments

Related Articles


Back to top button